തൊടുപുഴ :കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ പൊലിസ് അനാസ്ഥ തുറന്നുകാട്ടിയും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വോട്ടര്‍മാരെ പോളിംഗ് ബൂത്തിന് മുന്നില്‍ തടഞ്ഞത് ചൂണ്ടിക്കാട്ടിയും ഹൈക്കോടതി നിയോഗിച്ച കമ്മിഷണറുടെ റിപ്പോര്‍ട്ട്. പോളിംഗ് സ്റ്റേഷനായ എ.പി.ജെ അബ്ദുല്‍ കലാം സ്കൂള്‍ പ്രവേശന കവാടത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ആദ്യം പോളിംഗ് ഉദ്യോഗസ്ഥരെ തടഞ്ഞു. പലര്‍ക്കും വൈകിയാണ് അകത്ത് കടക്കാനായത്. പൊലിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് തനിക്ക് പോലും അകത്ത് കടക്കാനായതെന്ന് കമ്മിഷനായി നിയോഗിച്ചിരുന്ന അഡ്വ. എസ് മുഹമ്മദലിഖാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊടുപുഴ സി.ഐ അടക്കമുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ അകത്ത് കടക്കാനായില്ല. കോടതി നിര്‍ദ്ദേശ പ്രകാരം 12 ബൂത്തുകളിലും വീഡിയോ കാമറകള്‍ സജീകരിച്ചിരുന്നു. 9 മണിയോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടപടി ആരംഭിച്ചു. സ്ഥാനാര്‍ഥികള്‍, പോളിംഗ് ഏജന്റുമാര്‍ എന്നിവര്‍ പാസ് കൈപ്പറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു വോട്ടര്‍പോലും എത്തിയില്ല. ഈ സമയം പോളിംഗ് സ്റ്റേഷന് പുറത്ത് പ്രതിഷേധക്കാര്‍ തുടരുന്നുണ്ടായിരുന്നു. ചിലരുടെ കൈയില്‍ വടിയും കാണപ്പെട്ടു. അകത്തേക്ക് ആര്‍ക്കും കടക്കാന്‍ പറ്റാത്ത അവസ്ഥ. പൊലിസ് വോട്ടര്‍മാരെ അകത്തേക്ക് കടത്താന്‍ യാതൊരു നടപടിയുമെടുത്തില്ല. പ്രതിഷേധക്കാര്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരാണന്നും അവര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദക്കില്ലന്നും നിലവിലെ ബാങ്ക് പ്രസിഡന്റ് കെ.ഐ ആന്റണി തന്നോട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഭരണകക്ഷി നേതാവ് വി.വി മത്തായി തെരഞ്ഞെടുപ്പ് എന്ത് കൊണ്ട് മാറ്റിവയ്ക്കുന്നില്ല എന്ന് റിട്ടേണിംഗ് ഓഫിസറോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിനൊപ്പം വരണാധികാരി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ റിപ്പോര്‍ട്ട്, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലിസ് വരണാധികാരിക്ക് നല്കിയ റിപ്പോര്‍ട്ട്, തെരഞ്ഞെടുപ്പ് മാറ്റിയതായി വരണാധികാരി സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ട്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതി കമ്മിഷന് നല്കിയ കത്ത് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാനലിലെ 13 അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ നേരിട്ട് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി അഡ്വ. എസ്. മുഹമ്മദലിഖാനെ കമ്മിഷണറായി നിയോഗിച്ചത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് പൊലിസ് സംരക്ഷണം നല്കുവാനും നടപടിക്രമങ്ങള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കാനുമായിരുന്നു കോടതി ഉത്തരവ്.
അഡ്വ. ജനറല്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി :
കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. പൊലിസ് അനാസ്ഥ തുറന്നുകാട്ടിയും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വോട്ടര്‍മാരെ പോളിംഗ് ബൂത്തിന് മുന്നില്‍ തടഞ്ഞത് വ്യക്തമാക്കിയുമുള്ള അഭിഭാഷക കമ്മിഷന് റിപ്പോര്‍ട്ട് കോടതി വിലയിരുത്തി. തുടര്‍ന്ന് തിങ്കളാഴ്ച അഡ്വ. ജനറല്‍ കെ. ഗോപാലകൃഷണക്കുറുപ്പ് നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസുമാരായ പി.ബി സുരേഷ്കുമാര്‍, സി.എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ഉത്തരവായി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായി ഷിബിലി സാഹിബിനെ പരിഗണിച്ചുകൂടെ എന്ന കോടതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ത്തു. യു.ഡി.എഫ് പാനലിലെ സ്ഥാനാര്‍ഥിയായ ഷിബിലി സാഹിബ് നിലവിലുണ്ടായിരുന്ന ബാങ്ക് കമ്മിറ്റിയിലെ വൈസ് പ്രസിഡന്റാണ്.
kerala
SHARE THIS ARTICLE