കോട്ടയം: ജില്ലയിൽ ബിജെപിക്കുണ്ടായ വളർച്ച ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. കോട്ടയം സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം വീണ്ടും സംസാരിച്ചപ്പോൾ ആണ് ബിജെപിയുടെ വളർച്ചയെക്കുറിച്ച് എസ്ആർപി പരാമർശിച്ചത്.
ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഇടതുജനാധിപത്യ മുന്നണിയിലേക്ക് അടുപ്പിക്കാൻ കേരള കോൺഗ്രസിൻ്റെ വരവിന് സാധിച്ചുവെന്നും എന്നാൽ സിപിഎമ്മിൽ നിന്നും ഇപ്പോഴും ന്യൂനപക്ഷങ്ങൾ അകന്നു തന്നെ നിൽക്കുകയാണെന്നും എസ്.ആർ.പി പറഞ്ഞു. ഇതേ സമയം മറുവശത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുന്ന സ്ഥിതിയുണ്ട്. ഇതു തടയാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം മറ്റു ജില്ലാ സമ്മേളനങ്ങളിൽ എന്ന പോലെ കോട്ടയം സമ്മേളനത്തിലും പൊലീസിനെതിരെ അതിരൂക്ഷ വിമർശനം ആണ് പ്രതിനിധികളിൽ നിന്നുമുണ്ടായത്. ഒരോ ദിവസവും കേരള പൊലീസ് സർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. വാഴൂർ, കാഞ്ഞിരപ്പള്ളി ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എളമരം കരീം, പി.കെ.ശ്രീമതി, എം സി ജോസഫൈൻ, സംസ്ഥാന നേതൃത്വത്തിൽ നിന്ന് എം എം മണി എന്നിവർ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്
kerala
SHARE THIS ARTICLE