കരിമണ്ണൂർ : സാൻഫ്രാൻസിസ്കോയിലുള്ള ഇന്റലിജന്റ് റോബോട്ടിക്സ് കമ്പനിയായ വൈകാറിയസ് സൊല്യൂഷൻസ് സ്ഥാപകൻ ഡോ. ദിലീപ് ജോർജുമായി നേരിട്ട് ആശയവിനിമയം നടത്തി കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐറ്റി ക്ലബ് ഒരുക്കിയ 'ചാറ്റ് വിത്ത് എ ജീനിയസ്' എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു സ്കൂളിലെ പൂർവ്വവിദ്യാർഥികൂടിയായ ഡോ. ദിലീപ്. മനുഷ്യന് ചെയ്യാനാകാത്തതും ചെയ്യുന്നതുമായ എല്ലാ പ്രവർത്തികളും റോബോട്ടിനെക്കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുന്ന കമ്പനിയാണ് വൈകാറിയസ്. ജെഫ് ബെസോസ്, ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ് തുടങ്ങിയ വിവര സാങ്കേതികവിദ്യാലോകത്തിലെ അതികായർ പണംമുടക്കിയിരിക്കുന്ന കമ്പനിയുമാണ് വൈക്കാറിയസ്. കരിമണ്ണൂർ സ്കൂളിലെ 92ലെ എസ്എസ്എൽസി ബാച്ചുകാരനായ ഡോ. ദിലീപ് ജോർജിനെ ആദരിക്കാനായി ഒരുക്കിയ ചടങ്ങ് സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു, മുൻ ഹെഡ്മാസ്റ്റർ ജോസഫ് ജോൺ, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം എന്നിവർ പ്രസംഗിച്ചു. സീനിയർ ടീച്ചർ ഷേർലി ജോൺ, പിറ്റിഎ സെക്രട്ടറി ബിജു ജോസഫ്, ഐറ്റി ഇൻചാർജ് ജോ മാത്യു, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജയ്സൺ ജോസ്, സ്മിത മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
idukki
SHARE THIS ARTICLE