പരിധിവിട്ടു കുതിക്കുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഏതാനും ദിവസം മുൻപ് റിസർവ് ബാങ്ക് അവരുടെ പ്രമുഖ ഹ്രസ്വകാല വായ്പാ നിരക്ക് (റിപ്പോ) വർധിപ്പിച്ചത്. ഒപ്പം ബാങ്കുകൾ നിക്ഷേപങ്ങൾക്ക് ആനുപാതികമായി കേന്ദ്ര ബാങ്കിൽ സൂക്ഷിക്കേണ്ട വിഹിതമായ കരുതൽ ധന അനുപാതവും വർധിപ്പിക്കുകയുണ്ടായി. ഈ നടപടികൾ വഴി കൂടുതൽ പണം വിനിമയ ശൃംഖലയിൽ നിന്നു പിൻവലിക്കപ്പെടുന്നു എന്നുറപ്പാക്കുകയാണ് ആർബിഐ ലക്ഷ്യമിടുന്നത്. പണമൊഴുക്കു നിയന്ത്രിച്ച് നാണയപ്പെരുപ്പം തടയാൻ ശ്രമിക്കുന്നത് സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകളുള്ളപ്പോഴും കേന്ദ്ര ബാങ്കിന് അതു ചെയ്യേണ്ടിവരുന്നത് വിലക്കയറ്റം അത്രയും രൂക്ഷമായതുകൊണ്ടാണ്. ഒരു വശത്ത് കേന്ദ്ര ബാങ്ക് ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ വില കുറയാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളും സ്വീകരിക്കേണ്ടതാണ്. അതല്ല വിലക്കയറ്റത്തിനുള്ള പ്രോത്സാഹനമാണ് സർക്കാരുകൾ നൽകുന്നതെങ്കിൽ കേന്ദ്ര ബാങ്കിനു പിന്നെയും കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. അതെല്ലാം ബാധിക്കുന്നത് ജനങ്ങളെയുമാകും.
വിലക്കയറ്റത്തിനു കാരണമാവുന്ന പ്രധാന ഘടകമാണ് ഇന്ധന വില. പെട്രോളിനും ഡീസലിനും അടക്കം സകല പെട്രോളിയം ഇന്ധനങ്ങൾക്കും സമീപകാലത്തു വില കുത്തനെ കുതിച്ചുകയറി. അതിൽ പാചക വാതകവും ഉൾപ്പെടുന്നുവെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പെട്രോൾ, ഡീസൽ വിലയിലെ നിരന്തരമുള്ള വർധന ഒരു മാസക്കാലമായി നിലച്ചിരിക്കുകയാണ്. അപ്പോഴും പെട്രോൾ ലിറ്ററിന് 115 രൂപയ്ക്കും ഡീസൽ 100 രൂപയ്ക്കും മുകളിൽ വിലയുണ്ട് കേരളത്തിൽ എന്നതു മറക്കരുത്. ഉപയോക്താക്കൾക്കു കുറഞ്ഞ വിലയ്ക്കു പെട്രോൾ കിട്ടാൻ ആരു നികുതി കുറയ്ക്കണം എന്നതിനെച്ചൊല്ലിയുള്ള തർക്കമാണല്ലോ തിരുതകൃതിയായി നടക്കുന്നത്. അതിനിടെയാണ് പാചക വാതക വിലയും ക്രമമായി വർധിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗാർഹികാവശ്യങ്ങൾക്കുള്ള 14.2 കിലോയുടെ എൽപിജി സിലിണ്ടറിന് 50 രൂപ വർധിപ്പിക്കുകയുണ്ടായി. ഇതോടെ ഒരു സിലിണ്ടർ പാചക വാതകത്തിന് ആയിരം രൂപയ്ക്കു മുകളിലായിട്ടുണ്ട് കേരളത്തിലെ വില. മറ്റു സംസ്ഥാനങ്ങളിലും ആയിരം കടക്കുകയോ തൊട്ടടുത്തു നിൽക്കുകയോ ചെയ്യുന്നു. ഒരു സിലിണ്ടറിന് ആയിരം രൂപ കൊടുത്തു വാങ്ങി ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ രാജ്യത്ത് എത്ര സാധാരണക്കാർക്കു കഴിയും? പ്രത്യേകിച്ച് ഉപ്പു തൊട്ട് കർപ്പൂരം വരെ സർവതിനും വില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ. കൊവിഡ് കാലം കഴിഞ്ഞ് തൊഴിലും വരുമാനവും തിരിച്ചുകിട്ടാൻ തുടങ്ങുന്നതേയുള്ളൂ പലർക്കും. അതിനിടയിൽ അടുക്കളയിൽ തീ പുകയുന്നതിനു മാർഗം കണ്ടെത്താനുള്ള നെട്ടോട്ടം ഇരട്ടിപ്പിക്കുന്നതിനെ എന്തിന്റെ പേരിൽ ന്യായീകരിച്ചാലും യോജിക്കാനാവില്ല.
ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് ഒന്നര മാസത്തിനിടെ രണ്ടാം തവണയാണു വില വർധിപ്പിക്കുന്നത്. 2021 ഏപ്രിലിനു ശേഷം സിലിണ്ടറിന്മേൽ 190 രൂപ കൂടിയിട്ടുണ്ട്. ഇതിനിടെ വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോ സിലിണ്ടറിന്റെ വില 103 രൂപയോളം കൂട്ടിയിരുന്നു. ഇതോടെ ഈ സിലിണ്ടർ ഒന്നിന് 2,360 രൂപയോളമായിട്ടുണ്ട്. ഹോട്ടൽ ഭക്ഷണത്തിന്റെ വില ഉയരുന്നതിനും ഇതു കാരണമായി. മറ്റെന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും അങ്ങേയറ്റത്തെ വിലക്കയറ്റത്തിൽ സാധാരണക്കാർ വലയുന്ന അവസ്ഥയാണെങ്കിൽ എന്തു കാര്യമാണുള്ളത്. പെട്രോളിയം വില എണ്ണക്കമ്പനികൾ നിയന്ത്രിക്കുന്നു എന്നു പറഞ്ഞ് കൈകഴുകി മാറി നിൽക്കരുത് സർക്കാർ.
കേന്ദ്ര സർക്കാർ സബ്സിഡിയുള്ള കാലത്ത് ഗാർഹികാവശ്യങ്ങൾക്ക് വർഷം 12 സിലിണ്ടറിനു പുറമേ വാങ്ങുന്ന പാചക വാതകത്തിനാണ് മുഴുവൻ വിലയും ഉപയോക്താക്കൾ നൽകേണ്ടിയിരുന്നത്. എന്നാൽ, സബ്സിഡി ഇല്ലാതാക്കുന്ന നയം സർക്കാർ സ്വീകരിച്ചതോടെ കേന്ദ്ര സർക്കാരിന്റെ ഉജ്വല സ്കീമിൽ സൗജന്യ പാചക വാതക കണക്ഷൻ ലഭിച്ചവർ വരെ വിപണിവില നൽകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് അഭിമാനകരമായ മുഹൂർത്തം എന്നൊക്കെയാണ് ഉജ്വല പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. പുകരഹിത വീടുകൾ സൃഷ്ടിക്കുകയെന്ന വലിയ സ്വപ്നവും പറഞ്ഞുകേട്ടിരുന്നു. വിറകടുപ്പുകൾ വീണ്ടും പുകയുകയും കാലിയായ സിലിണ്ടറുകൾ നോക്കുകുത്തിയായിരുന്ന് വീട്ടമ്മയെ പരിഹസിക്കുകയും ചെയ്യുന്നതു കാണേണ്ടിവരുന്നു രാജ്യം എന്നതാണു സർക്കാർ തിരിച്ചറിയേണ്ടത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 140 ഡോളർ വരെ വില വന്നിരുന്നു മാർച്ച് മാസത്തിൽ. 13 വർഷത്തെ ഉയർന്ന വില. എന്നാൽ, അതിനു ശേഷം വില ഇടിയുകയാണുണ്ടായത്. 110 ഡോളറിന് അടുത്താണ് ഇപ്പോൾ ബ്രെന്റ് ക്രൂഡിന്റെ വില. ക്രൂഡ് ഓയിൽ വിലയിൽ സമീപകാലത്തുണ്ടായ കുറവിന്റെ ആനുകൂല്യം ഉപയോക്താക്കൾക്കു നൽകുന്നില്ല രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണക്കമ്പനികൾ. വില വർധിപ്പിക്കുന്നതിനുള്ള ആവേശം അതു കുറയ്ക്കാൻ ഇല്ല തന്നെ.
india
SHARE THIS ARTICLE