കാബൂൾ: കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു. അന്താരാഷ്ട്ര വിമാനസർവ്വീസുകളെല്ലാം തന്നെ അഫ്ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു.
അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. താലിബാൻ
പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ
സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂൾ എയർപോർട്ടിൽ നിന്ന് പുറത്തുവരുന്നത്. രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു. പ്രാണഭീതിയിലായ അഫ്ഗാൻകാർ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഒഴുകി. എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം ഇരച്ചെത്തിയായതോടെ അമേരിക്കൻ സേന ഇവർക്ക് നേരെ വെടിയുതിർത്തു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തെ നേരിട്ടു. രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചു. എല്ലാ രാജ്യങ്ങളുടെയും വിമാനസർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി. യൂറോപ്യൻ രാജ്യങ്ങൾ അടക്കം അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോൾ കാബൂളിൽ ഉണ്ട് . അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ സുരക്ഷിതമായി രാജ്യംവിടാൻ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടു. വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. രാജ്യത്തിന്റെ പേരുമാറ്റി 'ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കിയതായി താലിബാൻ സ്ഥിരീകരിച്ചു. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ രാജ്യത്ത് ഇനി ഇസ്ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി. റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചു. എല്ലാ രാജ്യങ്ങളുടെയും വിമാനസർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി.
gulf
SHARE THIS ARTICLE