കുവൈത്ത് സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റികളില്‍ നിന്നും 50 പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനമായി. പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കാന്‍ കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നാണ് വിവരം. ജീവനക്കാരുടെ വിവരങ്ങള്‍ നല്കാന് സിവില്‍ സര്‍വ്വീസ് കമ്മീഷന് അഡ്മിനിസ്ട്രേഷന് അഫയേഴ്സ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് തസ്തികയിലുള്ള പ്രവാസികളെ ഒഴിവാക്കും. അഡ്മിനിസ്ട്രേഷന്, ടെക്നിക്കല്‍, എഞ്ചിനീയറിംഗ്, സേവന മേഖലകളില്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരണം കൊണ്ടുവരാനാണ് കുവൈത്ത് ഭരണകൂടം പദ്ധതിയിടുന്നത്. 2021-2022 വര്‍ഷത്തോടെ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുമെന്ന് കുവൈത്ത് മുന്പുതന്ന പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശികളല്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞതായാണ് വിവരം. ഡിജിറ്റല്വത്ക്കരണത്തിലൂടെ തസ്തികകളുടെ എണ്ണം ചുരുക്കി പരമാവധി പ്രവാസികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കാനാണ് നീക്കം നടക്കുന്നത്. ഡിജിറ്റല്‍ ജോലികള്‍ക്കായി പുതിയ ആളുകളെ നിയമിക്കേണ്ടി വരുമ്പോള്‍ കുവൈത്ത് സ്വദേശികളെയാകും തെരഞ്ഞെടുക്കുക. നിലവില്‍ മാന്വല്‍ ആയി ജോലി ചെയ്യുന്ന കുവൈത്ത് സ്വദേശികള്‍ക്ക് പ്രത്യേക സാങ്കേതിക പരിശീലനം നല്കി ഡിജിറ്റല്‍ ജോലിയ്ക്ക് പ്രാപ്തരാക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
gulf
SHARE THIS ARTICLE