All Categories

Uploaded at 1 month ago | Date: 19/05/2022 22:01:09

കോട്ടയം: കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിനെ (കെ.പി.പി.എൽ) രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളൂരില്‍ കെ.പി.പി.എല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലുഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണിന്റെ ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തില്‍ അഭിവൃദ്ധിപ്പെടുത്താനായതില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും  പൊതുജനങ്ങളുടെയും പങ്കുണ്ട്. ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരില്‍ നിന്നും ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒന്നാം ഘട്ടത്തില്‍ പേപ്പര്‍ മെഷീന്‍, ഡീ ഇന്‍കിങ്ങ് പ്ലാന്റ്, പവര്‍ ബോയ്‌ലര്‍ മറ്റനുബന്ധ യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി രൂപ ചെലവില്‍ അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാനായി. ഇതിലൂടെ ആദ്യ റീല്‍ പേപ്പറിന്റെ ഉത്പാദനം സാധ്യമായി. രണ്ടാംഘട്ടത്തില്‍ പള്‍പിങ് പ്ലാന്റുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുള്ള  44.94 കോടി രൂപയ്ക്ക്  പുറമെ 75.15 കോടി രൂപയുടെ മൂലധന നിക്ഷേപമുള്‍പ്പെടെ കെപിപിഎല്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കാനായി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 154.39 കോടി രൂപയാണ് ചെലവിടുന്നത്. 1000 കോടി രൂപ മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂര്‍ത്തീകരിക്കും. പാക്കേജിംഗുമായി ബന്ധപ്പെട്ട പേപ്പര്‍ ഉത്പാദനം നടത്തി പ്രവര്‍ത്തനം വൈവിധ്യ വത്ക്കരിക്കാനുള്ള കെപിപിഎല്ലിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്.  പ്ലാസ്റ്റിക്കിനേക്കാള്‍ പ്രകൃതി സൗഹൃദമാണ് പേപ്പര്‍ എന്നുള്ളതുകൊണ്ടു തന്നെ ആളുകള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ പ്രയോജനം ചെയ്യും. കമ്പോളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇത്തരം സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം ഉത്പാദനത്തിനായി ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. പരിശീലനത്തിലൂടെ മാത്രമേ ജീവനക്കാരെ നവീകരിക്കാനാകൂ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. 

കേരളത്തിലെ വ്യവസായ മേഖലയെ കാലാനുസൃതമായി നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐടി, ടൂറിസം, ബയോടെക്‌നോളജി, കാര്‍ഷിക മേഖല, ഭക്ഷ്യ വസ്തുക്കളുടെ മേഖല തുടങ്ങി വിവിധ മേഖലകളിലെല്ലാം വലിയ തോതില്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതേസമയം വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനത്തിലൂടെ പ്രകൃതി സൗഹൃദ വ്യവസായ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി അടുത്ത 25 വര്‍ഷം കൊണ്ട് മധ്യവരുമാന വികസിത നാടുകളുടെ ഗണത്തിലേക്ക് നാടിനെ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.  ഈ ലക്ഷ്യം അതിവിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായിക മേഖല നിക്ഷേപ സൗഹൃദമാക്കിയത് വളരെ ഗുണം ചെയ്യുന്നുണ്ട്.  നിക്ഷേപകരുടെ സൗകര്യത്തിനായി കെ-സ്വിഫ്റ്റ് സംവിധാനത്തിലൂടെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് പുരോഗതി ഉറപ്പു വരുത്തി. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സംവിധാനവും കെ-സിസിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈസ് ഡൂയിംഗ് ബിസിനിസ് കോര്‍ ഇരട്ടിയാക്കാന്‍ കഴിഞ്ഞതോടെ വ്യവസായികരംഗത്ത് വമ്പിച്ച നേട്ടം നേടാനായി.  കഴിഞ്ഞ കാലയളവില്‍ ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ ധാരാളമായി വര്‍ധിച്ചു. 83541 സംരംഭങ്ങള്‍, 7900 കോടിയുടെ നിക്ഷേപങ്ങള്‍, 298361 തൊഴിലുകള്‍ എന്നിവയാണ് സൃഷ്ടിക്കപ്പെട്ടത്.

2022-23 വര്‍ഷം ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ നടപ്പാക്കും.  7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നേടിയെടുത്തിട്ടുണ്ട്. സ്വകാര്യ - പൊതുമേഖലയിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തുന്നുണ്ട്. കെ.എം.എം.ഇ എല്‍ 332 കോടി രൂപയാണ് പ്രവര്‍ത്തനലാഭം നേടിയിരിക്കുന്നത്. 2021-22 വര്‍ഷത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഉള്ള 41 വ്യവസായ സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തന ലാഭം 245.62 ശതമാനം വര്‍ധിച്ചു. 2030നകം നടപ്പാക്കാനുദേശിക്കുന്ന കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഷീനുകളുടെ സ്വിച്ച് ഓൺ കർമവും കെ.പി.പി.എൽ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വ്യവസായ - നിയമ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ, മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മൻ ചാണ്ടി എന്നിവർ വിശിഷ്ട പ്രഭാഷണം നടത്തി. എം.പിമാരായ ജോസ് കെ. മാണി,  തോമസ് ചാഴികാടൻ, എംഎൽഎമാരായ സി.കെ ആശ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി, മുൻ കേന്ദ്ര മന്ത്രി പി.സി തോമസ്, മുൻ എംഎൽഎമാരായ കെ.ജെ തോമസ്, അഡ്വ. കെ സുരേഷ് കുറുപ്പ്, സ്റ്റീഫൻ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി സുനിൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെ.പി.പി.എൽ ചെയർമാനുമായ എ.പി.എം മുഹമ്മദ് ഹനീഷ്,  ജില്ലാ കലക്റ്റർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags :

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.