അമൃത്സർ: ഇറ്റലിയിൽ നിന്നു പഞ്ചാബിലെ അമൃത്സറിൽ വിമാനമിറങ്ങിയ യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ അന്വേഷണം. പരിശോധനാഫലം ശരിയല്ലെന്നു വ്യാപക പരാതിയെ തുടർന്നാണ് അന്വേഷണം.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിന്റെ സേവനങ്ങൾക്കു പകരം പ്രാദേശിക ലാബിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തി. കൂട്ടമായി കോവിഡ് പോസിറ്റീവായതോടെ, ഇറ്റലിയിൽനിന്നു വന്ന യാത്രക്കാർ നൽകിയ പരാതിയെ തുടർന്നാണു നടപടിയെന്ന് അധികൃതർ അറിയിച്ചു.
വിമാനത്തിൽ കയറുംമുൻപ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെന്നും മണിക്കൂറുകൾക്കുള്ളിൽ അമൃത്സറിൽ എത്തിയ ശേഷം പെട്ടെന്ന് പോസിറ്റീവ് ആകുന്നത് എങ്ങനെയെന്നും യാത്രക്കാർ ചോദിക്കുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ചിലർ ലാബിനെതിരെ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തു.
ശ്രീ ഗുരു രാംദാസ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരിൽ ചിലർ, പിന്നീട് പുറത്തെ ലാബിൽ നടത്തിയ പരിശോധനയിൽ കൊവിഡ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ലാബിന്റെ പ്രവർത്തനത്തെപ്പറ്റി ആരോപണം ഉയർന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2021 ഡിസംബർ 21 മുതലാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള ലാബിന്റെ സേവനം ഉപയോഗപ്പെടുത്താൻ തുടങ്ങിയത്. ഈ ലാബിന്റെ സേവനം താൽക്കാലികമായി റദ്ദാക്കിയെന്ന് അസിസ്റ്റന്റ് സിവിൽ സർജൻ ഡോ അമർജിത് സിങ് വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
india
SHARE THIS ARTICLE