തൊടുപുഴ: കാശിയിലെ ജ്ഞാൻ വ്യാപി മസ്ജിദിൽ അവകാശ വാദമുന്നയിച്ച് ബാബരി ആവർത്തിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളെ രാജ്യം ഒന്നിച്ച് ചെറുക്കണമെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പറഞ്ഞു. ഖുർആൻ പഠനത്തെയും പാരായണത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എസ് എസ് എഫ് സംഘടിപ്പിച്ച് വരുന്ന തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാൻഡ് ഫിനാലെ തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങളുടെ ഘടനയും സ്വഭാവവും മാറ്റാൻ പാടില്ലെന്ന 1991 ലെ ബിൽ നിലനിൽക്കെ അനാവശ്യ അവകാശ വാദങ്ങളെ നീതി പീഠങ്ങൾ അംഗീകരിക്കാൻ പാടില്ല. ഇത്തരം വസ്തുതാ വിരുദ്ധമായ ആവശ്യങ്ങൾ കേൾക്കുന്നത് പോലും പുതിയ അവകാശവാദ ങ്ങൾക്ക് അവസരമൊരുക്കലാണ്. യാതൊരു തെളിവുമില്ലെങ്കിലും ഏത് മുസ് ലിം പള്ളിക്ക് നേരെയും ഉടമസ്ഥാവകാശം ഉന്നയിക്കാൻ സഹായകമാകുന്നത് ചില നീതി പീഠങ്ങളുടെ പക്ഷപാത നിലപാട് മൂലമാണ്. ഇന്ത്യയിലെ ഉന്നത നീതിപീഠം ഇടപെട്ട് നീതിപൂർവ്വകമായ തീരുമാനം ഉണ്ടാക്കണം. ഇന്ത്യയുടെ മത നിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമാപന സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ ജാഫർ, മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് ജഅഫർ കോയ തങ്ങൾ, സെക്രട്ടറി ടി.കെ അബ്ദുൽ കരീം സഖാഫി, സയ്യിദ് അഹ്മദ് ജിഫ് രി തങ്ങൾ, എം.പി അബ്ദുൽ കരീം സഖാഫി, ശിഹാബുദ്ദീൻ സഖാഫി, എ ജെ അജ്മൽ സഖാഫി, സംസാരിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണത്തിന് നേതൃത്വം നൽകി. പതിനാല് ജില്ലകളിൽ നിന്നായി നൂറ്റൻപതോളം വിദ്യാർത്ഥികൾ ഒൻപത് ഇനങ്ങളിൽ മത്സരിച്ചു. മലപ്പുറം ഈസ്റ്റ്, കോഴിക്കോട്, മലപ്പുറം വെസ്റ്റ് എന്നീ ജില്ലകൾ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി ഓവറോൾ ചാംപ്യൻമാരായി. വിജയികൾക്ക് എസ് എസ് എഫ് ദേശീയ സെക്രട്ടറി ശരീഫ് നിസാമി മഞ്ചേരി, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റാഫി തിരുവനന്തപുരം, കെ ബി ബഷീർ, ശബീറലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

kerala
SHARE THIS ARTICLE