തൊടുപുഴ ;മാസ്റ്റർപ്ലാൻ സംബന്ധിച്ചുണ്ടായിട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചു കൂട്ടാൻ പി ജെ ജോസഫ് എംഎൽഎയോട് അഭ്യർത്ഥിച്ചതായി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നഗരസഭ കൗൺസിൽ യോഗത്തിൽ പറഞ്ഞു. മാസ്റ്റർപ്ലാൻ മൂലം ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന
സങ്കീർണ്ണമായ പ്രശ്നങ്ങൾ സംബന്ധിച്ച് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുകയും പ്ലാക്കാർഡ് ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തപ്പോഴാണ് മുനിസിപ്പൽ ചെയർമാൻ ഇപ്രകാരം പ്രതികരിച്ചത്. പദ്ധതി പ്രദേശത്തെ ഭൂമി മരവിപ്പിച്ചിട്ടുള്ളതിനാൽ നഗരത്തിലെ എല്ലാ പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന് കൗൺസിലർ കെ ദീപക് ചൂണ്ടിക്കാട്ടി. നിരവധി നിർമ്മാണ അനുമതി അപേക്ഷകൾ നഗരസഭ നിരസിക്കുകയാണ്. മാസ്റ്റർപ്ലാൻ നോട്ടിഫൈ ചെയ്തതിന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ പോലും നഗരസഭ നിരസിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
ജനങ്ങൾ ചോദിക്കുമ്പോൾ മാസ്റ്റർപ്ലാനിലെ പദ്ധതികൾ വേണ്ടെങ്കിൽ വേണ്ട എന്ന് അഭിപ്രായം പറയുകയും, കൗൺസിലിൽ കടകവിരുദ്ധമായ അഭിപ്രായം പറയുകയുമാണ് ചെയർമാൻ ചെയ്യുന്നതെന്ന് കൗൺസിലർ സനു കൃഷ്ണൻ പറഞ്ഞു. എംഎൽഎയുടെ സഹായം അഭ്യർഥിച്ച പശ്ചാത്തലത്തിൽ ആ യോഗത്തിന് മുമ്പ് മാസ്റ്റർപ്ലാൻ മരവിപ്പിക്കുന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യണമെന്നും, ഒരു സമവായത്തിലെത്തണമെന്നും അഡ്വ ജോസഫ് ജോൺ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതോടെ കൗൺസിൽ യോഗത്തിൽ ബഹളം അവസാനിപ്പിച്ച് മറ്റ് അജണ്ടകളിലേക്ക് കടന്നു.
idukki
SHARE THIS ARTICLE