ജസ്‌നയെ ചെന്നൈയിൽ കണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷികൾ; പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപണം



timely news image

ചെന്നൈ: ദുരൂഹസാഹചര്യത്തില്‍  കാണാതായ ജസ്‌ന ജയിംസ് ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. കാണാതായി മൂന്നാംദിവസം ചെന്നൈയിൽ അയനാപുരത്ത് ജസ്‌നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു  ജസ്‌ന ഫോൺ ചെയ്തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.‌   മാർച്ച് 26ന് കടയിലെത്തി വഴിചോദിച്ചു ഫോൺ ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്സി പറയുന്നത്. വൈകുന്നേരം 7.45നും എട്ടിനുമിടയിലാണ് പെൺകുട്ടിയെ കണ്ടത്. ഞാനിവിടെ എത്തുമ്പോൾ ഫോൺ ചെയ്ത് റിസീവർ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങൾ വാങ്ങി ഞാൻ തിരിച്ചുപോയി. കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ പെൺകുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാർത്ത നോക്കുമ്പോഴാണ്  ജസ്‌നയുടെ സംഭവം ശ്രദ്ധയിൽ പെടുന്നത്. മൊബൈൽ ഫോണുപോലും എടുക്കാതെ ഒരു പെൺകുട്ടി എന്നോർത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓർമവന്നത്. തിരിച്ച് കടയിലെത്തി കടക്കാരനു  ജസ്‌നയുടെ ഫോട്ടൊ കാണിച്ചുകൊടുത്തപ്പോൾ തിരിച്ചറിയുകയും ചെയ്തുവെന്നും അലക്സി.   മാര്‍ച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്കു തന്നെ എരുമേലി പൊലീസിൽ വിവരം നൽകി. കടക്കാരനും പെൺകുട്ടിയെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. പിന്നീട് സുഹൃത്തുക്കളുമായി ചേർന്ന് ആ ഭാഗത്തൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും അലക്സി വ്യക്തമാക്കി. പെരിയാർ നഗർ അഞ്ചാമത്തെ സ്ട്രീറ്റിലേക്ക് എങ്ങനെ പോകണം എന്നാണ് ചോദിച്ചതെന്നു കടയുടമ പറയുന്നു. എന്നാൽ പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവർ വിവരം നൽകിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇതു വിശ്വാസ്യയോഗ്യമല്ലെന്നും പൊലീസ്.  48 ദിവസമായി ജസ്‌നയെ കാണാനില്ല. കൊല്ലമുളയിലെ വീട്ടിൽ നിന്നു ഓട്ടൊറിക്ഷയിൽ മുക്കൂട്ടുതറയിലും അവിടെ നിന്ന് ബസിൽ എരുമേലി ബസ് സ്റ്റാൻഡിലും എത്തിയ ജസ്‌നയെ പിന്നീട് കാണാതാകുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ജസ്‌ന ബെംഗളൂരുവിലെത്തിയതായും വാർത്തകളുണ്ടായിരുന്നു. മഡിവാളയിലെ ആശ്വാസഭവനിൽ മുറി അന്വേഷിച്ചെത്തിയെന്നും താമസിക്കാൻ മുറിയില്ലെന്നു വ്യക്തമാക്കിയതോടെ മൈസൂരിലേക്ക് പോയെന്നുമാണ് ആശ്രമ അധികൃതരുടെ വിശദീകരണം. 



Kerala

Gulf


National

International