സർക്കാർ ജാതീയ വേർതിരിവുണ്ടാക്കുന്നു; സമദൂരം വിട്ടു; ഇനി ശരിദൂരമെന്ന് എൻഎസ്​എസ്timely news image

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാരിനെതിരേ അതിരൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ‌. സംസ്ഥാന സർക്കാർ​ രാഷ്​ട്രീയ നേട്ടത്തിനായി ജനങ്ങൾക്കിടയിൽ സവർണ- അവർണ വേർതിരിവുണ്ടാക്കുകയാണ്. ഇത്തരം ചേരിതിരിവ് ഉണ്ടാക്കി സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനമെന്ന പേരിൽ ജനങ്ങളിൽ ജാതീയ വേർതിരിവുണ്ടാക്കാനാണ് സംസ്ഥാന​ സർക്കാർ ശ്രമിച്ചത്​. സവർണനും അവർണനുമെന്ന വേർതിരിവ് മുമ്പ് ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. ഈ സാഹചര്യത്തിലും മുന്നാക്ക- പിന്നാക്ക വിഭാഗീയത വളർത്തുകയും ജാതീയമായി പോലും ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഈ സർ‌ക്കാർ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണ് ഇതു ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായം കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ തടഞ്ഞ് വച്ചിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈയൊരു സാഹചര്യത്തിൽ സമദൂരം വിട്ട് ശരി ദൂരം സ്വീകരിക്കുകയാണ്. അഞ്ച്​ നിയമസഭാ മണ്ഡലങ്ങളിലേക്ക്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമായിരിക്കും എൻഎസ്എസിന്‍റെ ഔദ്യോഗിക നിലപാടെന്നും സുകുമാരൻ നായർ വ്യക്​തമാക്കി. വിശ്വാസികൾക്കൊപ്പമാണ്​ എൻ.എസ്​.എസ്​ നിലകൊള്ളുക. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാറും ഒന്നും ചെയ്​തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.Kerala

Gulf


National

International