തിരിച്ചുവരവിൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലtimely news image

കൊച്ചി: ഒന്നും നടക്കുന്നില്ല, ഒരു കാര്യവും നീങ്ങുന്നില്ല എന്ന ആവലാതികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അറുതിയാവുന്നു. നോട്ടു നിരോധനത്തിനും ജിഎസ്‌ടിക്കും ശേഷം കുതിച്ചു തുടങ്ങിയിരിക്കുകയാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല. മെട്രൊ നഗരങ്ങളിലും, ഗ്രാമീണ മേഖലകളിലുമടക്കം മുടങ്ങിക്കിടന്നിരുന്ന വിശ്വസ്തതയാര്‍ന്ന ബ്രാന്‍ഡുകളുടെ പ്രോജക്റ്റുകള്‍ വീണ്ടും സജീവമായി. വിലയില്‍ കുതിപ്പ് പ്രകടമാകുന്നില്ലെങ്കിലും സ്ഥലം വാങ്ങുന്നതിനുണ്ടായിരുന്ന മടി മാറിവരുന്നു. ചിങ്ങമാസം എത്തുന്നതോടെ മലയാളി വീണ്ടും ഭൂമിയിലും ഫ്ലാറ്റിലും നിക്ഷേപിച്ചു തുടങ്ങുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഗള്‍ഫ് മണിയുടെ ഒഴുക്കും, ഡോളറിന്‍റെയും യൂറോയുടെയും മൂല്യം കൂടിനില്‍ക്കുന്നതും വിദേശ നിക്ഷേപകരെ നാട്ടിൽ പണം മുടക്കാന്‍ വീണ്ടും പ്രാപ്തരാക്കും. ക്രൂഡ് വില കുതിച്ചുതുടങ്ങിയത് ഗള്‍ഫ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. യഥാർഥ ആവശ്യക്കാര്‍ മാത്രമേ ഇപ്പോൾ മാര്‍ക്കറ്റിലുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്ത് വിശ്വാസമുള്ള ബില്‍ഡറുടെ പ്രോപ്പര്‍ട്ടി മാത്രമേ അവര്‍ വാങ്ങുന്നുള്ളൂ. അതുകൊണ്ട് വെറുതെ ലൊക്കേഷന്‍ ഉയർത്തിക്കാണിച്ചുള്ള മാര്‍ക്കറ്റിങ് നിലവില്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്. പണമൊഴുക്കിനു വേഗം കുറഞ്ഞതു മൂലമുള്ള പൊതുവായ മാന്ദ്യമാണ് കേരള വിപണിയിലുണ്ടായത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ് ആയ ലയസിസ് ഫോറസ് റിപ്പോര്‍ട്ട് അനുസരിച്ച് മാന്ദ്യകാലത്തു നിന്ന് വിപണി ഉണര്‍ന്നു കഴിഞ്ഞു. കേരളത്തിൽ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന് അറുതി വരുത്തിയതു ബാങ്കുകളുടെ ഗുണപരമായ ഇടപെടുകളാണന്ന് കൊച്ചി ആസ്ഥാനമായ ഷ്വാസ് ഹോംസ് മാനെജിങ് ഡയറക്റ്റർ ശ്രീനി പരമേശ്വരന്‍ മെട്രൊ വാര്‍ത്തയോടു പറഞ്ഞു. ആളുകള്‍ വായ്പയുടെ സഹായത്തോടെ മുന്‍ കാലത്തേക്കാള്‍ കൂടുതല്‍ ഫ്ലാറ്റുകളും പ്രോപ്പര്‍ട്ടികളും വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു കേരളത്തിലെ ആഭ്യന്തര ബയറെ സൃഷ്ടിക്കുന്നു. അതാണു ഗുണം ചെയ്തിരിക്കുന്നത്. ആവശ്യക്കാര്‍ മാത്രമേ വാങ്ങുന്നുള്ളു. അതുകൊണ്ട് പ്രോപ്പര്‍ട്ടികള്‍ വില കുറച്ച് വില്‍ക്കേണ്ട ആവശ്യവും വരുന്നില്ലെന്നും ശ്രീനി പരമേശ്വരന്‍.   കേരളത്തിൽ ഏറ്റവും കൂടുതല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 60 ലക്ഷം രൂപയില്‍ താഴെയുള്ള ഭവനങ്ങള്‍ക്കാണ്. 20 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗം കൈവരിച്ചിട്ടുള്ളത്. ഒരുകോടി മുതല്‍ രണ്ടുകോടി രൂപ വരെ വിലയുള്ള ഭവനങ്ങളുടെ വില്പനയും കൂടിയിട്ടുണ്ട്. 13 ശതമാനം വളര്‍ച്ച ഈ വിഭാഗത്തില്‍ രേഖപ്പെടുത്തി. ചെലവ് കുറഞ്ഞ, ചെറിയ വീടുകള്‍ക്കു പ്രിയമില്ല. കേരളത്തിനു പുറത്ത് 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കെട്ടിട മേഖലയില്‍  24 ശതമാനം വളർച്ച രേഖപ്പെടുത്തുന്നു. കേരളത്തില്‍ സ്ഥലവില ഉയര്‍ന്നതു നിൽക്കുന്നതിനാൽ ചെലവു കുറഞ്ഞ വീട് പ്രായോഗികമാകുന്നില്ല.  മാത്രമല്ല,​ ഇവിടെ ലക്ഷ്വറി ഫ്ലാറ്റുകള്‍ക്കും കുറഞ്ഞ ചെലവിലുള്ള ഫ്ലാറ്റുകള്‍ക്കും ഒരേ നിയമമാണ്. അറുപത് സ്‌ക്വയര്‍ മീറ്ററില്‍ വരെ താഴെ കാര്‍പറ്റ് ഏരിയ വരുന്ന വീടുകള്‍ക്കാണ്  നികുതി ഇളവുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ സബ്സിഡികൾ ഏറെയുണ്ടെങ്കിലും അവയെക്കുറിച്ച് പലർക്കും അവബോധമില്ല.  പുതിയ പാര്‍പ്പിട പദ്ധതികള്‍ക്ക് ഡിമാൻഡ്  പുതിയ പാര്‍പ്പിട പദ്ധതികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലെന്ന് അസെറ്റ് ഹോംസ് മാനെജിംഗ് ഡയറക്റ്റർ വി. സുനില്‍ കുമാര്‍ പറയുന്നു. വിപണിയിലെ മെല്ലപോക്ക് യഥാർഥ ആവശ്യക്കാരെയും ബില്‍ഡര്‍മാരെയും വില്‍പ്പനയെയും ബാധിച്ചിട്ടില്ല. നോട്ട് പിൻവലിക്കലും ജിഎസ്ടിയും പലവിധ ആശങ്കകള്‍ ഉയര്‍ത്തിയെങ്കിലും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗം വളർച്ചയിൽ നമ്മുടെ നാട്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു വേണ്ടത് ഇവിടെ ജീവിക്കുകയും ഇവിടെ പണം മുടക്കുകയും ചെയ്യുന്ന നിക്ഷേപകനെയാണെന്ന്  ഷ്വാസ് ഹോംസ് മാനെജിങ് ഡയറക്റ്റർ ശ്രീനി പരമേശ്വരന്‍. എന്നാല്‍ കറന്‍സി നിരോധനത്തിന് ഇത്തരമൊരു ആഭ്യന്തര വിപണി കേരളത്തിലുണ്ടായിരുന്നില്ല. പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ട് അതു വില്‍ക്കാന്‍ ദുബായില്‍ പോകണമായിരുന്നു. അതുമാറി ബാങ്കുകളുടെ സഹായത്തോടെ മികച്ച പര്‍ച്ചേസിംഗ് പവറുള്ള ഒരു സമൂഹം മുന്നോട്ടു വരുന്നുണ്ട്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗം കൂടുതല്‍ വളരുമെന്നാണ് ഇതു തെളിയിക്കുന്നത്. ബജറ്റ് ഹോംസുകള്‍ക്കുള്ള ആവശ്യകതയും കൂടിയിട്ടുണ്ട്. യഥാർഥ  ആവശ്യക്കാരാണ് കേരള മാര്‍ക്കറ്റിലെ കണ്‍സ്യൂമര്‍ എന്നാണ് ഇതു തെളിയിക്കുന്നതെന്നും ശ്രീനി പരമേശ്വരന്‍.   Kerala

Gulf


National

International