സൗദിയില്‍ സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയില്‍ പുരുഷന്മാര്‍ക്ക് യാത്രചെയ്യാന്‍ അനുമതിtimely news image

റിയാദ്: സൗദിഅറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതിനു പിന്നാലെ  സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിവാഹനങ്ങളില്‍ കുടുംബസമേതം പുരുഷന്മാര്‍ക്ക് യാത്രചെയ്യുന്നതിന് തടസ്സമില്ലെന്നറിയിച്ച് സൗദി പൊതുഗതാഗത അതോറിറ്റി. ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ സ്ത്രീപുരുഷ വ്യത്യാസം ഉണ്ടാവില്ല. ഡ്രൈവിങ് ലൈസന്‍സും സ്വന്തമായി വാഹനവും ഉള്ളവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അവകാശമുണ്ടെന്നും സ്ത്രീപുരുഷ ഭേദമന്യേ ഉപഭോക്താക്കള്‍ക്ക് ടാക്‌സി സേവനം നല്‍കുന്നതിന് വനിതകള്‍ക്ക് കഴിയുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയതോടെ നൂറുകണക്കിനാളുകളാണ് ടാക്‌സി സേവന മേഖലയില്‍ തൊഴില്‍ കണ്ടെത്തിയത്. ഇവരില്‍ ഏറെയും പേര്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളില്‍ ജോലി ചെയ്യാനാണ് താത്പര്യപ്പെടുന്നത്. ഡ്രൈവിങ് അനുമതി ലഭിച്ചതോടെ നിരവധി വനിതകള്‍ യൂബര്‍, കരിം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ ജോലി ആരംഭിച്ചു. അതേസമയം, വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയത് ടാക്‌സി കമ്പനികളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് കരിം കമ്പനി സി.ഇ.ഒ. ഡോ. അബ്ദുല്ല ഇല്യാസ് പറഞ്ഞു. കരിം കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ രണ്ടായിരം വനിതകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ആകുന്നതോടെ  20000 വനിതകള്‍ കരിം കമ്പനിയില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഓണ്‍ ടാക്‌സി പ്രയോജനപ്പെടുത്തുന്നവരില്‍ 80 ശതമാനവും വനിതകളാണ്.Kerala

Gulf


National

International