തൊടുപുഴ ജില്ല ആയുർവ്വേദ ആശുപത്രി ഗുരുതര പ്രതിസന്ധിയിൽ



timely news image

തൊടുപുഴ ജില്ല ആയുർവ്വേദ ആശുപത്രി ഗുരുതര പ്രതിസന്ധിയിൽ തൊടുപുഴ: കാരിക്കോട് പ്രവർത്തിക്കുന്ന ജില്ലാ ആയുർവ്വേദ ആശുപത്രിയുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിൽ. കുടിയ്ക്കാനും, കുളിക്കുവാനുമുള്ള വെള്ളമില്ലാത്തതും, ഉള്ള ശൗചാലയങ്ങൾ പൂട്ടിയിട്ടിരിക്കുന്നതും, ആശുപത്രി പരിസരങ്ങളിലെ മാലിന്യങ്ങൾ നീക്കാത്തത് കാരണം കൊതുക് പെരുകുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. സ്പോർട്സ് താരങ്ങളും, വിദ്യാർത്ഥികളുമടക്കം നൂറിലേറെ കിടപ്പുരോഗികളുള്ള ആശുപത്രിയുടെ ഗതിയാണിത്. വിദഗ്ദരായ ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ആശുപത്രിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും, തമിഴ്നാട്ടിൽ നിന്നുമുള്ള രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രോഗികൾക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയാണിവിടെ. പരാതിയുമായി ചെന്ന രോഗികളോട് മുനിസിപ്പാലിറ്റിയിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നാണ് അധികൃതർ അറിയിച്ചത്. മേഖലയിൽ അടുത്ത ദിവസങ്ങളിൽ തേരാതെ മഴ പെയ്തിട്ടും വെള്ളം കിട്ടാത്തതെന്താണെന്നാണ് രോഗികൾ ചോദിക്കുന്നത്. ആയുർവ്വേദ ചികിത്സ നടത്തുന്ന രോഗികൾക്ക്  കുടിയ്ക്കാനും, കുളിക്കാനും ചൂടുവെള്ളം നിർബന്ധമാണ്. ചൂടുവെള്ളത്തിന്റെ ആവശ്യത്തിന് ലക്ഷങ്ങൾ മുതൽ മുടക്കി രണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ടാഴ്ചക്കാലമായി ചൂടുവെള്ളം ലഭിക്കുന്നില്ല.എല്ലാ ദിവസവും പുലർച്ചേ ടാപ്പുകളിൽ വെള്ളം ലഭിക്കാത്ത അവസ്ഥയുള്ളതിനാൽ പ്രാഥമികാവശ്യങ്ങൾ നടത്താൻ പോലും സാധിക്കുന്നില്ല. മുറ്റത്ത് വച്ചിരിക്കുന്ന ടാർവീപ്പകളിൽ വീഴുന്ന മഴവെള്ളവും, നേഴ്സിംഗ്  മുറിയുടെ മുമ്പിൽ വച്ചിരിക്കുന്ന ആയിരം ലിറ്റർ ടാങ്കിൽ നിന്നും ബക്കറ്റിലെടുക്കുന്ന വെള്ളവുമുപയോഗിച്ചാണ്. രോഗികളും കൂട്ടിരിപ്പുകാരും അത്യാവശ്യം കാര്യങ്ങൾ നടത്തുന്നത്. വെള്ളം ശേഖരിക്കാനായി പതിനായിരം ലിറ്റർ ശേഷി വീതമുള്ള മൂന്ന് വലിയ ടാങ്കുകളും, കൂടാതെ നിരവധി ചെറിയ ടാങ്കുകളും, സിമെന്റ് ടാങ്കും ഉള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ട് വെള്ളം ലഭിക്കാത്തത്.തിരുമ്മ്, കിഴി,ധാര എന്നീ ചികിത്സ രീതികൾ ചെയ്യുന്ന രോഗികൾ അതാതു ദിവസത്തെ ചികിത്സക്ക് ശേഷം ശരീരത്തിലുള്ള തൈലവും, എണ്ണയും, കുഴമ്പും കഴുകി കുളിക്കുന്നതിന് ചൂടുവെള്ളം അത്യാവശ്യമാണ്. ഞവരക്കിഴിയിടുന്ന രോഗികൾ 20 മിനിട്ടിനുള്ളിലും, മറ്റു ചികിത്സ മുറകൾ നടത്തുന്നവർ അര മണിക്കൂറിന് ശേഷവുമാണ് ചൂടുവെള്ളത്തിൽ കുളിക്കേണ്ടത്. സോളാർ ഹീറ്ററിൽ ചൂടുവെള്ളം ഇല്ലാത്തതിനാൽ രോഗികൾ രസീതില്ലാതെ തന്നെ 10 രൂപ നൽകിയാണ് ആശുപത്രി ജീവനക്കാരിൽ നിന്നും 5 ലിറ്ററോളം ചൂടുവെള്ളം വാങ്ങുന്നത്. ചെറിയ പാത്രത്തിൽ വെള്ളം ചൂടാക്കുന്നതിനാൽ അര മണിക്കൂർ കൊണ്ട് ആറ് പേർക്ക് മാത്രമേ വെള്ളം ലഭിക്കുകയുള്ളു. അതിന്റെ പേരിൽ വെള്ളം ചൂടാക്കുന്ന ജീവനക്കാരിയും രോഗികളും തമ്മിൽ തർക്കമുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഇൻചാർജ്ജ് കാരനായ ആശുപത്രി സൂപ്രണ്ട് ഇടപെട്ട് ടോക്കൻ സമ്പ്രദായം ഏർപ്പെടുത്തി. വയോജനങ്ങൾ ഉൾപ്പെടെ 15 രോഗികൾ കിടക്കുന്ന പുരുഷവാർഡിലെ ടോയ്ലറ്റ് രണ്ടു മാസമായി പൂട്ടിക്കിടക്കുകയാണ്.നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രശ്ന പരിഹാരമുണ്ടാക്കിയിട്ടില്ല.പഞ്ചകർമ്മ ചികിത്സ നടത്തിയ ശേഷം കിഴിയുടെ അവശിഷ്ടം ഉപേക്ഷിക്കുന്ന ടാങ്കിന്റെ പരിസരം വൃത്തിഹീനമായി കിടക്കുന്നതിനാൽ കൊതുകുകൾ പെരുകി രോഗികളെ ആക്രമിക്കുന്നുണ്ട്. വാർഡിലുള്ള ഫാൻ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ കൊതുകുകടിയേറ്റാണ് രോഗികൾ കഴിയുന്നത്.ടാപ്പ് അഴിച്ചുവിടുന്നു എന്ന് കാരണം പറഞ്ഞ് ജീവനക്കാർ തന്നെയാണ് ടാപ്പു പൂട്ടി ജലക്ഷാമമുണ്ടാക്കുന്നതെന്നാണ് രോഗികൾ പറയുന്നത്. അതേ സമയം ഫ്ലഷ് ടാങ്ക് പൈപ്പ് ലീക്കായിട്ടാണ് വെള്ളം പോകുന്നതെന്ന് രോഗികൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും,ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും, ജില്ലാ പഞ്ചായത്തും അടിയന്തിരമായി ഇടപെട്ട് അടിയന്തിര പ്രശ്ന പരിഹാരമുണ്ടാക്കണമെന്നതാണ് രോഗികളുടെ ആവശ്യം. ചിത്രം:  വൃത്തിഹീനമായ കാരിക്കോട് ആയുർവ്വേദ ആശുപത്രി പരിസരം മലിനമായ ആശുപത്രി പരിസരവും, മുറ്റത്തുള്ള പതിനായിരം ലിറ്റർ വീതം കൊള്ളുന്ന മൂന്ന് ടാങ്കുകളും



Kerala

Gulf


National

International