ഉമ്മന്‍ ചാണ്ടിയെ ഇടുക്കി പാര്‍ലമെന്റ്‌ സീറ്റില്‍ മത്സരിപ്പിക്കണമെന്ന്‌ കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം സി.പി. മാത്യുtimely news image

തൊടുപുഴ : മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലുപോലെ യു ഡി എഫിന്‌ നഷ്‌ടമായ ഇടുക്കി പാര്‍ലമെന്റ്‌ സീറ്റ്‌ തിരിച്ചു പിടിക്കുവാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ ഇടുക്കി പാര്‍ലമെന്റ്‌ സീറ്റില്‍ മത്സരിപ്പിക്കണമെന്ന്‌ കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം സി.പി. മാത്യു എ.ഐ.സി.സിയോടും കെ പി സി സിയോടും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ നടന്ന അട്ടിമറിയെക്കുറിച്ചുള്ള ഡി സി സി അന്വേഷണക്കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ ഫ്രീസറില്‍ വയ്‌ക്കാതെ പുറത്തുവിടണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായവരുടെ പേരില്‍ നടപടി വേണം. നഗരസഭയില്‍ കോണ്‍ഗ്രസ്സും യു ഡി എഫും അപമാനിക്കപ്പെട്ടിരിക്കുകയാണ്‌. 18 വര്‍ഷമായി യു ഡി എഫിന്റെ കൈവശമിരുന്ന നഗരസഭ നഷ്‌ടപ്പെട്ടത്‌ ഗൗരവമായ പ്രശ്‌നമാണ്‌. കഴിഞ്ഞ നഗരസഭാ ഭരണത്തില്‍ കോണ്‍ഗ്രസ്സിന്‌ 13 അംഗങ്ങള്‍ ഉണ്ടായിരുന്നത്‌ 5 ആയി കുറഞ്ഞത്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ റോയി കെ പൗലോസ്‌ ഏകാധിപത്യപരമായി എടുത്ത തീരുമാനം മൂലമാണ്‌. പാര്‍ട്ടിയില്‍ വേണ്ടവിധം ചര്‍ച്ച ചെയ്യാതെയാണ്‌ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്‌. ഇതിനിടെ ചില സ്ഥാനാര്‍ത്ഥികള്‍ മറ്റ്‌ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്‌. സീറ്റ്‌ ലഭിക്കാത്ത ചില നേതാക്കള്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുവാന്‍ പണവുമായി രംഗത്തിറിങ്ങിയിരുന്നു. 24 വര്‍ഷത്തെ ഇടതുപക്ഷ ബാന്ധവം അവസാനിപ്പിച്ച്‌ തിരികെയെത്തിയ കേരള കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയപ്പോള്‍ അവരെ കുറുവടിയും ഈറ്റക്കമ്പുമായി സ്വന്തം അനുയായികളെ പറഞ്ഞുവിട്ട്‌ തല്ലിച്ചതച്ചത്‌ മുന്‍പ്രസിഡന്റിന്റെ സീറ്റ്‌ മോഹം കൊണ്ടാണ്‌. പ്രശ്‌നമുണ്ടായാല്‍ കേരള കോണ്‍ഗ്രസ്സ്‌ മുന്നണി വിട്ടുപോകുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഡി സി സി പ്രസിഡന്റായിരുന്ന കാലത്ത്‌ പത്രസമ്മേളനങ്ങള്‍ നടത്തിയതല്ലാതെ ജനങ്ങളെ പങ്കെടുപ്പിച്ച്‌ കാര്യമായ സമരപരിപാടികള്‍ നടത്താത്തതും ജില്ലയില്‍ കോണ്‍ഗ്രസ്സിന്‌ ക്ഷീണമുണ്ടാക്കി.  ഇ.എം. ആഗസ്‌തി ഡി സി സി പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ജില്ലയിലെ 5 എം.എല്‍.എ മാരും എം.പി.യും യു ഡി ഫിന്റേതായിരുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ജില്ലയില്‍ കോണ്‍ഗ്രസ്സിന്‌ എം.എല്‍.എ.മാര്‍ ഇല്ലാത്ത സ്ഥിതിയാണ്‌. എ.ഐ.സി.സി. തീരുമാനപ്രകാരം ഇടുക്കി ഡി സി സി പ്രസിഡന്റായി ഇബ്രാഹിംകുട്ടി കല്ലാര്‍ ചുമതലയേറ്റതിനെ തുടര്‍ന്ന്‌ മുന്‍ പ്രസിഡന്റ്‌ റോയി കെ പൗലോസ്‌ നിസ്സഹകരണം പ്രഖ്യാപിച്ചത്‌ ജില്ലയില്‍ കോണ്‍ഗ്രസ്സിന്‌ തിരിച്ചടിയായി. പുനഃസംഘടനയ്‌ക്ക്‌ ശേഷം പാര്‍ട്ടി നടത്തുന്ന സമരങ്ങളില്‍ മുന്‍പ്രസിഡന്റിന്റെ നിലപാട്‌ പാര്‍ട്ടിയ്‌ക്ക്‌ ദോഷമായിട്ടുണ്ട്‌. ഡി സി സി പ്രഖ്യാപിക്കുന്ന പരിപാടികള്‍ പൊളിക്കുന്നതിനും ബ്ലോക്ക്‌ തലത്തില്‍ ഗ്രൂപ്പ്‌ യോഗങ്ങള്‍ വിളിച്ചുകൂട്ടും. ജനപ്രതിനിധികളുടെ ഓണറേറിയത്തിന്റെ വിഹിതം ഡി സി സിയ്‌ക്ക്‌ നല്‍കണമെന്ന തീരുമാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്‌. നിയോജകമണ്‌ഡല തലത്തില്‍ മുന്‍പ്രസിഡന്റ്‌ ജനപ്രതിനിധികളുടെ യോഗം വിളിച്ചുകൂട്ടി ഓണറേറിയത്തിന്റെ വിഹിതം കൊടുക്കരുതെന്ന്‌ നിര്‍ദ്ദേശം നല്‍കിയത്‌ ഗൗരവമായ പ്രശ്‌നമാണ്‌. കൂടാതെ കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസ്സന്‍ നയിച്ച ജാഥയുടെ ഫണ്ട്‌ സമാഹരണവും അട്ടിമറിക്കുകയുണ്ടായി. ബൂത്ത്‌ തലത്തില്‍ നിശ്ചയിച്ചിരുന്ന തുക നല്‍കാതിരിക്കുന്നതിനുള്ള നീക്കവും നടന്നിരുന്നു. ഡി സി സി പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ മാറി എന്ന്‌ ഉള്‍ക്കൊള്ളാനാവത്ത മാനസിക അവസ്ഥയിലാണ്‌ റോയി കെ പൗലോസ്‌. ഇതുമൂലം ജില്ലയില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ നിശ്ചലമായിരിക്കുകയാണ്‌. ഡി സി സി പ്രസിഡന്റ്‌ പരാജയമാണെന്ന്‌ വരുത്താനുള്ള മുന്‍ ഡി സി സി പ്രസിഡന്റിന്റെ നീക്കം പാര്‍ട്ടിയെ നിര്‍ജ്ജീവമാക്കിയിരിക്കുകയാണ്‌. എ.ഐ.സി.സി. സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണം. പി.ടി.തോമസ്‌ ഡി സി സി പ്രസിഡന്റ്‌ സ്ഥാനം റോയിയ്‌ക്ക്‌ കൈമാറിയപ്പോള്‍ ഡി സി സിയുടെ വാഹനവും കൈമാറിയിരുന്നു. എന്നാല്‍ റോയി മാറിയപ്പോള്‍ വാഹനം കൈമാറാന്‍ തയ്യാറായിട്ടില്ല. കൂടാതെ തൊടുപുഴ രാജീവ്‌ ഭവനില്‍ ഡി സി സി പ്രസിഡന്റ്‌ ഉപയോഗിച്ചുകൊണ്ടിരുന്ന മുറിയും മറ്റ്‌ ഓഫീസ്‌ സൗകര്യങ്ങളും ഇപ്പോഴത്തെ പ്രസിഡന്റിന്‌ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഡി സി സി പ്രസിഡന്റിന്റെ മുറി തുറന്നുകൊടുക്കുവാന്‍ ബാധ്യസ്ഥരായിത്തീരുമെന്നും സി പി മാത്യു മുന്നറിയിപ്പ്‌ നല്‍കി.Kerala

Gulf


National

International