നിയമവിരുദ്ധ കച്ചവടം; നടപടിയുമായി ഷാര്‍ജ മുനിസിപ്പാലിറ്റിtimely news image

ഷാര്‍ജ: നിയമവിരുദ്ധ കച്ചവടങ്ങള്‍ തടയാന്‍ ശക്തമായ നടപടിയുമായി ഷാര്‍ജ മുനിസിപ്പാലിറ്റി. വ്യാജ ഉത്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണവും നിയമവിരുദ്ധമായി വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെയാണ് നടപടി എടുക്കുന്നത്. എമിറേറ്റില്‍ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ ഇത്തരം കച്ചവടക്കാരില്‍നിന്ന് അനവധി സാധനങ്ങള്‍ പിടിച്ചെടുത്തതായും അവയില്‍ ഉപയോഗയോഗ്യമായ ഉത്പ്പന്നങ്ങള്‍ ജീവകാരുണ്യ സംഘടനകള്‍ വഴി പാവപ്പെട്ടവര്‍ക്ക് കൈമാറി എന്നും ബാക്കിയുള്ളവ നശിപ്പിച്ചു കളഞ്ഞു എന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം നിയമവിരുദ്ധ കച്ചവടം തടയാനായി 40 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കസ്റ്റമര്‍ സര്‍വീസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി പറഞ്ഞു. വേനലവധി പ്രമാണിച്ച് സ്വദേശത്തേക്ക് പോകുന്നവരെ വിലക്കുറവ് കാണിച്ച് പ്രലോഭിപ്പിച്ചാണ് നിയമവിരുദ്ധ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കച്ചവടക്കാരില്‍ ഭൂരിഭാഗം പേരും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണ്. പലരും പോലീസ് അന്വേഷിക്കുന്ന കുറ്റവാളികളുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 993 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്നും് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.Kerala

Gulf


National

International