ഇന്ത്യ സമ്പദ് വ്യവസ്ഥയിൽ ഫ്രാൻസിനെയും മറികടന്നു, ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച മുന്നേറ്റം !timely news image

പാരീസ് : ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ച് സാമ്പത്തിക മേഖലയില്‍ വന്‍ മുന്നേറ്റം നടത്തി ഇന്ത്യ. ലോകബാങ്കിന്റെ 2017 ലെ ഏറ്റവും പുതിയ പട്ടികയിലാണ് ഫ്രാന്‍സിനെ മറികടന്ന് ആറാമത്തെ ലോക സാമ്പത്തിക ശക്തിയായി ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) 2.597 ട്രില്യണ്‍ ഡോളറാണ്. ഈ കാലയളവില്‍ ഫ്രാന്‍സിന്റേതാകട്ടെ 2.582 ട്രില്യന്‍ ഡോളറാണ്. 2018ലെ കണക്ക് അടുത്ത വര്‍ഷം പുറത്തു വരുന്നതോടെ ഇതിലും വലിയ മുന്നേറ്റം ഇന്ത്യക്കുണ്ടാവുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍. 2019ല്‍ ലോക് സഭ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും വലിയ പിടിവള്ളിയാണ് ഈ നേട്ടം. മോദി സര്‍ക്കാറിന്റെ നയങ്ങളാണ് ലോകത്തിന് മുന്നിലെ ഈ വലിയ കുതിപ്പിനു കാരണമെന്നാണ് ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നത്. കൂടുതല്‍ ഉയരങ്ങളില്‍ എത്തി ലോകത്തെ ‘കൈപിടി’യില്‍ ഒതുക്കാന്‍ ഒരവസരം കൂടി നരേന്ദ്രമോദിക്ക് നല്‍കണമെന്നതാണ് പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെടുന്നത്.   നികുതി പരിഷ്‌ക്കരണവും ഭവന പദ്ധതികള്‍ക്കുള്ള ചെലിവിടലും പരിശോധിച്ചാല്‍ 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച 7.8 ശതമാനം ആകുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി വിലയിരുത്തുന്നത്. ഇതിപ്പോള്‍ 7.4 ശതമാനമാണ്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ചൈന. ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. നേരത്തെ മന്ദഗതിയിലായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2017 ജൂലായ്ക്ക് ശേഷം കുതിച്ചു കയറുകയായിരുന്നു. നിര്‍മാണ മേഖലയും ഉപഭോക്തൃ മേഖലയുമാണ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലക ശക്തികളായി ലോകബാങ്ക് വിലയിരുത്തിയിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന വലിയ ആശങ്കയുണ്ടായിരുന്നു, എന്നാല്‍ ഐഎംഎഫിനും ലോകബാങ്കിനും ഇന്ത്യയിലുള്ള ഇത്തരം ആശങ്കകള്‍ തീരയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നോട്ട് നിരോധനത്തിന്റേയും ജിഎസ്ടിയുടേയും പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടന മറികടന്നു എന്നാണ് അവരുടെ വിലയിരുത്തല്‍. മാത്രമല്ല പിന്നീടുണ്ടായ ഇന്ത്യയുടെ കുതിച്ച് ചാട്ടത്തേയും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.   ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ ജി.ഡി.പി ഇരട്ടിയായിരുന്നു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ താഴേക്ക് പോയപ്പോള്‍ ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിബിംബമായി ഇന്ത്യ മാറുകയായിരുന്നു. പ്രതിസന്ധികളെ മറികടന്നു എന്നത് മാത്രമല്ല, ദക്ഷിണേഷ്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക മേഖലയാക്കി മാറ്റുന്നതിനുള്ള പശ്ചാത്തലം ഒരുക്കുന്നതിലും ഇന്ത്യ വിജയിച്ചു എന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.Kerala

Gulf


National

International