അഭിമന്യു കൊലക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍; കസ്റ്റഡിയിലായത് ഗൂഢാലോചനയില്‍ പങ്കാളിയായ ആളും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളുംtimely news image

കൊച്ചി: അഭിമന്യു കൊലക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. പിടിയിലായത് പാലാരിവട്ടം സ്വദേശി അനൂപും കരുവേലിപ്പടി സ്വദേശി നിസാറും. അനൂപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് നിസാറാണെന്നും പൊലീസ് വ്യക്തമാക്കി. ആലപ്പുഴയില്‍ നിന്ന് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയിലായിരുന്നു. ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് പിടിയിലായത്.  ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തിരുന്നു. കൊലയെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളുമാണ്. അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാ​ഞ്ചേരി സ്വദേശി  അനസ് രണ്ടു ദിവസം മുൻപ് പിടിയിലായിരുന്നു. അനസ്  പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു.  എസ്ഡിപിഐ പ്രവര്‍ത്തകരായ  മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി ഫോണിൽ വിളിച്ചത് കേസിൽ പൊലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. കൊലയാളി സംഘത്തിനു അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതും മഹാരാജാസ് കോളജിലെ വിദ്യാർഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നൽകിയിരുന്നു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടർച്ചയായി ഫോണിൽ വിളിച്ചതായി ബന്ധുക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം. അഭിമന്യുവിന്റെ ഫോൺ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബർ സെൽ നടത്തുന്നുണ്ട്. മഹാരാജാസ് കോളജിലെ മൂന്നാം വർഷം അറബിക് വിദ്യാർഥിയായ മുഹമ്മദിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളി സംഘത്തിലെ പ്രതികൾ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്നു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങൾക്കും പൊലീസ് മുഹമ്മദ് അടക്കമുള്ളവർക്കെതിരെ തിരച്ചിൽ നോട്ടിസ് കൈമാറിയിരുന്നു.Kerala

Gulf


National

International