മെസിക്കെതിരെ ഇനിമുതല്‍ കളിക്കേണ്ടി വരില്ലല്ലോ; ഫ്രഞ്ച് സൂപ്പര്‍ താരത്തിന് ആശ്വാസം



timely news image

കളത്തില്‍ ലയണല്‍ മെസിക്കെതിരെ കളിക്കുക എന്നത് പ്രതിരോധ താരങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രതിരോധ നിരയെ നോക്കുകുത്തികളാക്കി കളത്തില്‍ മികച്ച മുന്നേറ്റങ്ങളും പാസുകളും സൃഷ്ടിക്കുന്ന താരമാണ് മെസി. അതുകൊണ്ട് തന്നെ മെസിക്കെതിരെ കളിക്കുക എന്നത് വലിയ തലവേദനയാണ്. എന്നാല്‍, മെസിക്കെതിരെ ഇനിമുതല്‍ കളിക്കണ്ടല്ലോ എന്ന സന്തോഷത്തിലാണ് ലെംഗ്‌ലെറ്റ്. ഈ സീസണില്‍ സ്പാനിഷ് ക്ലബ് സെവിയ്യയില്‍ നിന്നും ബാഴ്‌സലോണയിലേക്കെത്തിയ ഫ്രഞ്ച് യുവതാരം ലെങ്‌ലെറ്റ് മെസിക്കൊപ്പമാണ് കളിക്കുക. ഇതുതന്നെയാണ് താരത്തിന്റെ ആശ്വാസം. ബാഴ്‌സ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രഞ്ച് താരം ഇക്കാര്യം തമാശ രൂപത്തില്‍ വ്യക്തമാക്കിയത്. മെസി ലോകത്തിലെ മികച്ച താരമാണെന്നും കളിക്കളത്തില്‍ വലിയ ആധിപത്യം സ്ഥാപിക്കാന്‍ താരത്തിന് എളുപ്പത്തില്‍ സാധിക്കുമെന്നും ലെംഗ്‌ലെറ്റ് പറഞ്ഞു. ഭാഗ്യമുണ്ടെങ്കില്‍ മാത്രമാണ് താരത്തെ തടയാന്‍ കഴിയുകയെന്നും ഒരു ചെറിയ വീഴ്ച വന്നാല്‍ അതൊരു ഗോളാക്കി മാറ്റാന്‍ മെസിക്ക് കഴിയുമെന്നും ലെംഗ്‌ലെറ്റ് കൂട്ടിച്ചേര്‍ത്തു. മികച്ച താരങ്ങള്‍ നിറഞ്ഞ ബാഴ്‌സക്കൊപ്പം പരിശീലിക്കാന്‍ എളുപ്പമുണ്ടെന്നും താരം പറഞ്ഞു. ലോകകപ്പിനിടെയാണ് ഇരുപത്തിമൂന്നുകാരനായ ലെംഗ്‌ലെറ്റ് സെവിയ്യയില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. മുപ്പത്തിയാറു ദശലക്ഷം യൂറോയുടെ ട്രാന്‍സ്ഫറിലാണ് താരം കറ്റലന്‍ ക്ലബിലെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ബാഴ്‌സലോണ സ്വന്തമാക്കിയ കൊളംബിയന്‍ താരം യെറി മിന ബാഴ്‌സയുടെ രീതികളുമായി ചേര്‍ന്ന് പോവാത്തതിനാലാണ് ലെംഗ്‌ലെറ്റിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണയെ പ്രേരിപ്പിച്ചത്. എന്നാല്‍, ലോകകപ്പില്‍ മൂന്നു ഗോളുകള്‍ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ച യെറി മിന പുറത്താകുമെന്നാണ് സൂചന.



Kerala

Gulf


National

International