ദുബൈയില്‍ രണ്ടു കോടി ഡോളര്‍ വിലവരുന്ന അപൂര്‍വ രത്‌നം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍timely news image

ദുബൈ: ദുബൈയില്‍രണ്ടു കോടി ഡോളര്‍ വിലവരുന്ന അപൂര്‍വ രത്‌നം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. വിലപിടിച്ച രത്‌നങ്ങളും ആഭരണങ്ങളും സൂക്ഷിക്കുകയും അതാതു സ്ഥാപനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സുരക്ഷാ ഗോഡൗണില്‍ ജോലിക്കെത്തിയ ശ്രീലങ്കന്‍ സ്വദേശിയാണ് 9.33 കാരറ്റ് തൂക്കം വരുന്ന നീലനിറത്തിലെ രത്‌നം മോഷ്ടിച്ച് നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്.ദുബൈ പൊലീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘം നടത്തിയ അത്യന്തം ശ്രമകരവും ബുദ്ധിപരവുമായ ശ്രമത്തിനൊടുവില്‍ പ്രതി പിടിയിലാവുകയായിരുന്നുവെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി അറിയിച്ചു. വളരെ കഷ്ടപ്പെട്ടശേഷമാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാണ്ട് 8620 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുകയും 120ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ജെബീല്‍ അലിയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മോഷണം നടന്നതെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ജനറല്‍ കേണല്‍ മുഹമ്മദ് അഖ്വില്‍ പറഞ്ഞു. അതീവ സുരക്ഷയുള്ള സ്ഥാപനത്തില്‍ മൂന്ന് സുരക്ഷാ വാതിലുകള്‍ക്കപ്പുറം സേഫില്‍ അതിഭദ്രമായി സൂക്ഷിച്ചിരുന്നതാണ് രത്‌നം. നിരവധി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് പ്രതി കൃത്യം നടത്തിയത്. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അവസാനത്തെ സുരക്ഷാ ഗെയ്റ്റ് തുറക്കാന്‍ പ്രധാനപ്പെട്ട മൂന്ന് വാതിലുകള്‍ തുറക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രത്യേക താക്കോല്‍ ഉപയോഗിച്ച് തുറക്കണം. രണ്ടാമത്തേത് രഹസ്യ കോഡ് ആണ്. മൂന്നാമത്തേത് രഹസ്യ ഇലക്ട്രോണിക് കോഡും. ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്. അതിനാല്‍ തന്നെ സുരക്ഷാ ചുമതലയുള്ള ആളുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മനസിലാക്കുകയും ചെയ്തു. ഷൂ പെട്ടിയുടെ ഉള്ളില്‍ ഡയമണ്ട് ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്. നാട്ടിലേക്ക് അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മോഷണം നടത്തിയ പ്രതി ഫോണും മറ്റു രീതിയിലുള്ള സമ്പര്‍ക്കങ്ങളുമെല്ലാം ഒഴിവാക്കി മറ്റൊരു എമിറേറ്റില്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു. നാട്ടില്‍ പോയശേഷം വജ്രം വലിയ വിലയ്ക്ക് വിറ്റ് പണക്കാരനാവുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. പക്ഷേ എങ്ങനെയാണ് ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതെന്ന് പറയാന്‍ പ്രതി തയാറായില്ലെന്ന് പൊലീസ് അറിയിച്ചു.Kerala

Gulf


National

International