തെരഞ്ഞെടുപ്പ് കളം ഇനി മാറിമറിയും, പ്രവാസി വോട്ടവകാശ ബിൽ ലോക്‌‌സഭ പാസാക്കിtimely news image

ഡൽഹി: തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യാക്കാർക്കും വോട്ട് രേഖപ്പെടുത്താൻ അനുവാദം നൽകുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ-2018 ലോക്‌സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങൾ പ്രകാരം പ്രവാസികൾക്ക് പകരക്കാരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കും. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ സമഗ്രമായ മാറ്റം പ്രതിഫലിപ്പിക്കാൻ കഴിയുന്ന നിയമഭേദഗതി അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്. ഇതോടെ ആയിരക്കണക്കിനു മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാനാവും. അതേസമയം, വോട്ട് രേഖപ്പെടുത്താനുള്ള പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്നതടക്കമുള്ള മറ്റു കാര്യങ്ങൾ, ബില്ലിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. കഴിഞ്ഞ വർഷം കേന്ദ്രമന്ത്രിസഭ അനുമതി നൽകിയ കരട് ബിൽ ലോക്‌‌സഭയിൽ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ വിദേശത്തുള്ള ഇന്ത്യക്കാർക്ക്, നാട്ടിൽ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തിയാൽ മാത്രമെ വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഇതിനെതിരെ ഗൾഫ് സംരംഭകനും മലയാളിയുമായ ഡോ. വി.പി. ഷംഷീർ വയലിൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പ്രവാസികൾക്ക് കൂടി വോട്ടവകാശം അനുവദിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനപ്രതാനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടു നീങ്ങിയത്. ഏകദേശം രണ്ടര കോടിയിലധികം ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ.Kerala

Gulf


National

International