താത്കാലിക ആശ്വാസം, ഇടുക്കിയിലെ ജലനിരപ്പിൽ നേരിയ കുറവ്timely news image

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി​. അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയതിനു ശേഷം ആദ്യമാ‍യാണ് അണക്കെട്ടിലെ ജലനിരപ്പിന്‍റെ അളവിൽ കുറവ് രേഖപ്പെടുത്തിയ്. 2401.70 അടിയാണ് വൈകിട്ട് ആറു മണിയോടെയുള്ള ജലനിരപ്പ്. ഒരു മണിക്കൂറിനിടെ ജലനിരപ്പിൽ 0.06 അടിയാണ് കുറഞ്ഞത്. നാലുമണി സമയത്തെ കണക്ക് അനുസരിച്ച് 2401.76 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്കിന്‍റെ അളവ് വൈകിട്ടോടെ കുറഞ്ഞതും ആശ്വാസമായി. നേരത്തെ സെക്കൻഡില്‍ ഒമ്പത് ലക്ഷം ലിറ്റര്‍ എന്ന തോതിലായിരുന്നു നീരൊഴുക്ക്. ഇതിപ്പോൾ സെക്കൻഡില്‍ 5.76 ലക്ഷം ലിറ്ററായാണ് കുറഞ്ഞിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെയാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ ഷട്ടറുകളും തുറക്കുന്നത്.  പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വൈകീട്ട് അഞ്ചു മണിയോടെ സെക്കൻഡില്‍ ഏഴര ലക്ഷം ലിറ്ററാക്കിയിരുന്നു (750 ക്യുമെക്സ്). അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഡാമിലെ നീരൊഴുക്ക് കുറയുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തി ഇതില്‍ തീരുമാനമെടുക്കും. അതേസമയം, പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തീരത്തു നിന്നു 6000ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ശക്തമായ ഒഴുക്കുള്ളതിനാൽ ജനങ്ങൾ നദിയുടെ അടുത്തേക്കു പോകുന്നതിൽ നിന്നും മുറിച്ചു കടക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും അധികൃതർ അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റവന്യു ഓഫിസുകൾ ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കും.Kerala

Gulf


National

International