ഗള്‍ഫ് പ്രതിസന്ധി മുറുകുന്നു; സൗദിയുടെ പദ്ധതി ഖത്തറിനെ ദ്വീപാക്കുംtimely news image

റിയാദ്: സൗദി അറേബ്യ അടങ്ങുന്ന അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ കനാലുണ്ടാക്കാനുള്ള പദ്ധതിക്ക് സൗദി രൂപം നല്‍കുന്നതായി ഖലീജ് ടൈംസ് പറയുന്നു. കനാൽ നിർമ്മാണം കഴിയുമ്പോൾ ഖത്തർ പൂര്‍ണ്ണ ദ്വീപായി മാറും. ഖത്തറുമായി കര അതിര്‍ത്തി പങ്കിടുന്ന ഏകരാജ്യമാണ് സൗദി.   സല്‍വ ദ്വീപ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ വിശദ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും രാജ്യത്തിന്‍റെ  ഭൂമിശാസ്ത്രം തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ പദ്ധതിയായിരിക്കുമിതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി അറിയിച്ചു. 14 മാസങ്ങളായി നീളുന്ന പ്രതിസന്ധിക്ക് പുതിയ തലങ്ങൾ നല്‍കുന്നതാണ് കനാല്‍ നിര്‍മ്മാണം സംബന്ധിച്ച വാര്‍ത്ത. ഇത്  പൂര്‍ത്തിയാകുന്നതോടെ സൗദിയും ഖത്തറും പൂര്‍ണ്ണമായും വേര്‍പെട്ട്, എല്ലാവശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട ദ്വീപ് രാഷ്ട്രമായി ഖത്തര്‍ മാറും. തീവ്രവാദത്തിന് സഹായം നല്‍കുന്നെന്നാരോപിച്ച് 2017 ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. എന്നാല്‍ അത്തരം ആരോപണങ്ങൾ ഖത്തര്‍ നിഷേധിക്കുകയാണ് ചെയ്തത്. സൗദിയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് 60 കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ പണിയാൻ സൗദി തീരുമാനിക്കുന്നതായി നേരത്തെ തന്നെ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 200 മീറ്റര്‍ വീതിയിലായിരിക്കും കനാലെന്നാണ് വിവരം. 2.8 ബില്യൺ സൗദി റിയാല്‍ (750 മില്യൺ അമെരിക്കന്‍ ഡോളര്‍) ചിലവിട്ടാണ് നിർമ്മാണം.  കനാല്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് കമ്പനികളെ ലേലത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. സെപ്റ്റംബറിൽ തന്നെ ഇത് ഔദ‍്യോഗികമായി പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ യാതൊരു ഔദ‍്യോഗിക പ്രതികരണത്തിനും സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. സൗദി-ഖത്തര്‍ പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ കരയതിര്‍ത്തി അടച്ചിരുന്നു. ഖത്തറിന്‍റെ ഔദ‍്യോഗിക എയര്‍ലൈനിന് സൗദി സഖ്യരാജ്യങ്ങളുടെ വ്യോമ അതിര്‍ത്തി ഉപയോഗിക്കാനും അനുവാദമില്ല. അമേരിക്കയും കുവൈറ്റും നടത്തിയ മധ‍്യസ്ഥശ്രമങ്ങളും വിജയിച്ചില്ല.   Kerala

Gulf


National

International