അബുദബിയില്‍ വാഹനങ്ങളുടെ സൗജന്യ പാര്‍ക്കിങ് അവസാനിച്ചു; ഇനി മുതല്‍ പാര്‍ക്കിങ് പെര്‍മിറ്റ് നിര്‍ബന്ധംtimely news image

അബുദബി: അബുദബി ഐലന്‍ഡിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവ് അവസാനിച്ചു. ഇനി ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഓഗസ്റ്റ് 18 മുതല്‍ പെയ്ഡ് പാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചവരെ പിഴ ഈടാക്കിയിരുന്നില്ല. മുറൂര്‍, അല്‍ബത്തീന്‍ തുടങ്ങി നേരത്തേ സൗജന്യ പാര്‍ക്കിങ് ആയിരുന്ന മേഖലകളും ഇപ്പോള്‍ പെയ്ഡ് പാര്‍ക്കിങ് പരിധിയിലാക്കി. പാര്‍ക്കിങ് ഇളവ് അവസാനിച്ചതോടെ നിയമലംഘകര്‍ക്കായുള്ള പരിശോധനയും ശക്തമാക്കി. താമസ കേന്ദ്രങ്ങളെയും അല്ലാത്ത ഭാഗങ്ങളെയും വേര്‍തിരിച്ച് രണ്ടായാണ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമസ കേന്ദ്രങ്ങളില്‍ റഡിസന്റ് പെര്‍മിറ്റ് എടുത്തവര്‍ക്കു മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ അവസരമുള്ളത്. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടുവരെ ഈ മേഖലകളില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമില്ല. മറ്റു മേഖലകളില്‍ മണിക്കൂര്‍ കണക്കാക്കി ഫീസ് അടച്ച് പാര്‍ക്ക് ചെയ്യേണ്ടിവരും. താമസകേന്ദ്രങ്ങളില്‍ വിദേശികള്‍ക്കുള്ള റസിഡന്റ് പാര്‍ക്കിങ് പെര്‍മിറ്റിന് ആദ്യ വാഹനത്തിന് 800 ദിര്‍ഹമും രണ്ടാമത്തെ വാഹനത്തിന് 1200 ദിര്‍ഹമുമാണ് ഫീസ്. സ്വദേശികള്‍ക്ക് രണ്ടു വാഹനത്തിനു സൗജന്യ പാര്‍ക്കിങ് ലഭിക്കും. ഗതാഗത വിഭാഗത്തിന്റെ പ്രത്യേക അനുമതിയോടെ രണ്ടു വാഹനങ്ങള്‍കൂടി നിര്‍ത്തിയിടാം. പാര്‍ക്കിങ് പെര്‍മിറ്റ് ഇല്ലാതെയും പണം അടയ്ക്കാതെയും പാര്‍ക്ക് ചെയ്താല്‍ 200 ദിര്‍ഹമാണ് പിഴ. പണമടച്ച സമയത്തിനുശേഷവും പാര്‍ക്ക് ചെയ്യുന്ന വാഹനത്തിനും അനുവദിച്ച പരമാവധി സമയം കഴിഞ്ഞിട്ടും വാഹനം എടുക്കാത്തവര്‍ക്കും 100 ദിര്‍ഹം പിഴയുണ്ട്. അതേസമയം എമിറേറ്റില്‍ പാര്‍ക്കിങ് നിയമം കര്‍ശനമാക്കിയതോടെ 26,000 വാഹനങ്ങള്‍ കൂടി നിര്‍ത്തിയിടാനുള്ള സൗകര്യം സജ്ജമാക്കിയതായി ഗതാഗത വിഭാഗത്തിലെ മവാഖിഫ് പാര്‍ക്കിങ് മേധാവി ഖമീസ് അല്‍ ദമനി പറഞ്ഞു. കോര്‍ണിഷ് മുതല്‍ മഖ്ത പാലം വരെയും ഷെയ്ഖ് സായിദ് പാലം മുതല്‍ മുസഫ പാലം വരെയുള്ള എല്ലാ സ്ഥലങ്ങളും പാര്‍ക്കിങ് പരിധിയിലായി. സാധാരണ പാര്‍ക്കിങ്ങിനു മണിക്കൂറില്‍ രണ്ടു ദിര്‍ഹവും പ്രീമിയം പാര്‍ക്കിങ്ങിനു മണിക്കൂറില്‍ മൂന്നു ദിര്‍ഹവുമാണ് നിരക്ക്. പ്രീമിയം പാര്‍ക്കിങ്ങില്‍ പരമാവധി നാലുമണിക്കൂര്‍ മാത്രമെ വാഹനം നിര്‍ത്തിയിടാനാകൂ. എന്നാല്‍ 15 ദിര്‍ഹം അടച്ച് ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.Kerala

Gulf


National

International