നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിtimely news image

കുമളി: നവജാത ശിശുവിന്റെ മൃതദേഹം തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുമളിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഒഴുകി തേക്കടിയില്‍ എത്തിച്ചേരുന്ന തോട്ടിലാണ്‌ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌. രാവിലെയാണ്‌ കുളത്തുപാലത്ത്‌ ടൂവീലര്‍ വര്‍ക്ഷോപ്പ്‌ നടത്തുന്ന അനീഷിന്റെ അഞ്ചു വയസ്സുള്ള മകന്‍ അഭിനവാണ്‌ ഇവരുടെ വീടിന്‌ പിന്‍വശത്തൂടെ ഒഴുകുന്ന തോട്ടില്‍ ആദ്യം മൃതദേഹം കണ്ടത്‌. അഭിനവ്‌ രാവിലെ വീടിന്‌ സമീപത്തു കളിക്കുന്നതിനിടെയാണ്‌ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്‌. മനുഷ്യരൂപത്തിലുള്ള കളിപ്പാട്ടമാണെന്ന ധാരണയില്‍ കുട്ടി പിതാവ്‌ അനീഷിനെ ഇക്കാര്യം അറിയിച്ചു. അനീഷ്‌ വന്നു നോക്കിയപ്പോഴാണ്‌ നവജാത ശിശുവിന്റെ ശരീരമാണെന്ന്‌ മനസ്സിലായത്‌. ഇതോടെ അനിഷ്‌ ഇക്കാര്യം സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസില്‍ അറിയിച്ചതോടെ കുമളി സിഐ കെ.ബി ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മൃതദേഹം തോട്ടില്‍ നിന്നും പുറത്തെടുത്തു. മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. മൃതദേഹത്തിന്‌ ഒരാഴ്‌ചയോളം പഴക്കമുണ്ടെന്നാണ്‌ നിഗമനമെന്ന്‌ പോലീസ്‌ പറയുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ജീര്‍ണ്ണിച്ചു തുടങ്ങിയിട്ടുണ്ട്‌. അതിനാല്‍ കുട്ടി ആണോ, പെണ്ണോയെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ശരീരത്തില്‍ ഇപ്പോഴും പൊക്കിള്‍കൊടി ഉള്ളതിനാല്‍ ജനിച്ചയുടന്‍ ഉപേക്ഷിച്ചതാകാമെന്നും പോലീസ്‌ പറഞ്ഞു. കുമളിയുടെ സമീപ പ്രദേശങ്ങളായ സ്‌പ്രിംഗ്‌ വാലി, ഒട്ടകത്തലമേട്‌, നൂലാംപാറ, പത്തുമുറി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം കുളത്തുപാലം തോട്ടിലൂടെ ഒഴുകി തേക്കടി തടാകത്തിലാണ്‌ എത്തിച്ചേരുന്നത്‌. ഇതിന്‌ സമീപത്തുള്ള ആരുടേതെങ്കിലുമോ അല്ലെങ്കില്‍ മറ്റ്‌ സ്ഥലങ്ങളില്‍ നിന്നുള്ള ആരെങ്കിലും തോട്ടില്‍ ഉപേക്ഷിച്ചതാകാമെന്നാണ്‌ പോലീസിന്റെ നിഗമനം.പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.  Kerala

Gulf


National

International