പോര്‍ട്ട് എഫ്‌സിയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സിന് മിന്നുന്ന ജയം; ആരും വിശ്വസിക്കരുത് കുറച്ച് കൂടെ കഴിയട്ടെയെന്ന് ആരാധകര്‍; ജയത്തിലും മഞ്ഞപ്പടയ്‌ക്കെതിരെ ചോദ്യശരങ്ങളുമായി സോഷ്യല്‍ മീഡിയtimely news image

പുതിയ ഐഎസ്എല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ കലിപ്പടക്കാനും പകരം വീട്ടാനും കച്ചക്കെട്ടിയിറങ്ങുകയാണ് ഇത്തവണ മഞ്ഞപ്പട. തങ്ങളുടെ ഇഷ്ടടീമിനെ സ്വാഗതം ചെയ്ത് അവര്‍ക്ക് പ്രചോദനം നല്‍കാന്‍ മഞ്ഞപ്പടയുടെ ആരാധകര്‍ കേരളക്കരയാകെ ഒരുക്കങ്ങള് തുടങ്ങി കഴിഞ്ഞു. ഐഎസ്എല്ലിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരത്തിലാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. തായ്‌ലന്‍ഡില്‍ നടക്കുന്ന പ്രീ സീസണ്‍ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടി. തായ് ലീഗിലെ പ്രമുഖ ക്ലബായ പോര്‍ട്ട് എഫ്‌സിയുടെ ബി ടീമിനെയാണ് മഞ്ഞപ്പട 3-1ന് തോല്‍പ്പിച്ചത്. മലയാളി താരം സി.കെ. വിനീത് ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തില്‍ തന്നെ ഗോളടിച്ചതാണ് പ്രത്യേകത. മലയാളി താരമായ സഹലും വലകുലുക്കി. വിദേശതാരം സ്ലാവിസയാണ് മൂന്നാം ഗോളിന്റെ ഉടമ. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിട്ടാണ് കടന്നുപോയത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സഹലിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ പകരക്കാരനായിറങ്ങിയ വിനീത് ലീഡ് വര്‍ധിപ്പിച്ചു. മൂന്നാം ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നതിനിടെ അരിയ പോനിലൂടെ പോര്‍ട്ട് എഫ്‌സി ഒരുഗോള്‍ മടക്കി. കളി അവസാനിക്കാന്‍ നാലുമിനിറ്റ് ബാക്കിനില്‍ക്കേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ പിറക്കുന്നത്. വിജയം ആഘോഷിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഫീഷ്യല്‍ പേജിലിട്ട പോസ്റ്റിനടിയില്‍ ഇത് വിശ്വസിക്കാമോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകരുടെ പ്രതികരണം. ‘ ആരും വിശ്വസിക്കരുത് കുറച്ച് കൂടെ കഴിയട്ടെ. ചിലപ്പോള്‍ അവര്‍ അറിഞ്ഞില്ല എന്ന് പറയാന്‍ സാധ്യതയുണ്ട് ‘, തുടങ്ങിയ കമന്റുകളാണ് നിറയുന്നത്. ആദ്യ മത്സരത്തില്‍ ബാങ്കോക്ക് എഫ്‌സിയോടു ജയിച്ചെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരം വിവാദത്തിലായ സാഹചര്യത്തില്‍ ടീം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ എതിര്‍ ടീമില്‍ കളിക്കുന്ന താരമിട്ടിരിക്കുന്ന ജഴ്‌സിയിലെ ലോഗോ ബാങ്കോക്കിലെ ഒരു യൂണിവേഴ്‌സിറ്റി ടീമിന്റേതാണെന്നും കളിച്ചത് അവരോടാണെന്നുമായിരുന്നു ആരാധകരുടെ പക്ഷം. ഇതിന് പിന്നാലെ പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ തായ് ക്ലബ്ബായ പോര്‍ട്ട് എഫ്‌സിയുടെ ബി ടീമിനെ തോല്‍പ്പിച്ചെന്ന് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിട്ടത്. ഐഎസ്എല്‍ അഞ്ചാം സീസണിന്റെ മുന്നോടിയായി സെപ്തംബര്‍ ഒന്ന് മുതല്‍ ഇരുപത്തിയൊന്ന് വരെയാണ് തായ്‌ലാന്റില്‍ നടക്കുന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കുന്നത്. തായ്‌ലന്‍ഡില്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് കളിക്കും. അതിനുശേഷം 21നാണ് ടീം തിരികെയെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്. അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.Kerala

Gulf


National

International