ബ്ലാസ്‌റ്റേഴ്‌സ് വിട്ട ഹ്യൂം പൂനെയ്ക്ക് വേണ്ടി കളിക്കുന്നതും ആശങ്കയില്‍; കണക്കുകള്‍ വില്ലനാകുന്നുtimely news image

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തിന് വഴിതെളിച്ച പ്രധാന താരമാണ് ഇയാന്‍ ഹ്യൂം. എന്നാല്‍, പുതിയ സീസണ്‍ തുടങ്ങുമ്പോള്‍ താരം ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വിട്ട് പൂനെ സിറ്റിക്ക് വേണ്ടി ബൂട്ടണിയുമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ ശരിവെച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍, താരത്തിന്റെ പൂനെക്കുവേണ്ടിയുള്ള പ്രവേശനം ഇപ്പോഴും ആശങ്കയുടെ നിഴലിലാണ്. ഏഴ് വിദേശ താരങ്ങളെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നിരിക്കെ പുനെ സിറ്റി നിലവില്‍ എട്ട് വിദേശ താരങ്ങളുമായി കരാറില്‍ എത്തിയതാണ് ഹ്യൂമിന്റെ സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്നത്. മാഴ്‌സെലീഞ്ഞോ, എമിലിയാനോ അല്‍ഫാറോ, ഡിയാഗോ കാര്‍ലോസ്, മാര്‍ക്കോ സ്റ്റാന്‍കോവിച്, മാര്‍ട്ടിന്‍ ഡയസ്, മാറ്റ് മില്‍സ്, ജൊനാഥന്‍ വിയ എന്നീ വിദേശ താരങ്ങളുമായാണ് ഹ്യൂമിന് പുറമെ പുനെയുമായി കരാറില്‍ എത്തിയിരിക്കുന്നത്. ഏഴ് വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് ഉള്‍ക്കൊള്ളാനാവൂ എന്നതിനാല്‍ ഫിറ്റ്‌നസ് കൈവരിക്കുന്നത് വരെ ഹ്യൂമിനെ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്നും കളിക്കളത്തിലേക്ക് തിരികെ എത്താന്‍ ഹ്യൂമിന് ഇനിയും സമയം എടുക്കും എന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഹ്യൂം ഒഴികെയുള്ള വിദേശ താരങ്ങളെ ആയിരിക്കും തുടക്കത്തില്‍ പൂനെ പരിഗണിക്കുക. ഹ്യൂമിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. ബ്ലാസ്റ്റേഴ്‌സിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് താരം ഇത്തവണ ഐഎസ്എല്ലില്‍ പൂനെയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ തീരുമാനിച്ചത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹ്യൂം ഉന്നയിക്കുന്നത് എന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. നൂറ് ശതമാനം മാച്ച് ഫിറ്റ്‌നസ് ഹ്യും കൈവരിച്ചിട്ടില്ല. നാല് മാസം കൂടി കളത്തിലിറങ്ങാന്‍ ഹ്യൂമിന് വേണ്ടിവരും എന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ജനുവരി വരെ ഗ്രൗണ്ടില്‍ ഹ്യൂമിന്റെ സേവനം ലഭിക്കില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ത്രിപുരനേനി പറഞ്ഞു. എട്ട് വിദേശ താരങ്ങള്‍ ഒരു ടീമില്‍ ആവാം എന്നായിരുന്നു ചട്ടം എങ്കില്‍ ജനുവരി വരെ ഹ്യൂമിന് വേണ്ടി കാത്തിരിക്കാമായിരുന്നു. എന്നാല്‍, ഏഴ് വിദേശ താരങ്ങളെ മാത്രമേ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. മാത്രമല്ല, പ്രീസീസണ്‍ മത്സരങ്ങളും ലാ ലിഗയും പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയെന്നും ബ്ലാസ്റ്റേഴ്‌സ് സിഇഒ ചൂണ്ടിക്കാണിക്കുന്നു. പരിക്കേറ്റ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടു എന്ന് പറയുന്നത് ശരിയല്ല. പുനെയിലെ പ്രശസ്തനായ ഡോ.സച്ചിന്‍ തപസ്വിയാണ് ഹ്യൂമിന്റെ ശസ്ത്രക്രീയ നടത്തിയത്. ചികിത്സ ചിലവെല്ലാം ബ്ലാസ്‌റ്റേഴ്‌സാണ് വഹിച്ചത്. സൂപ്പര്‍ കപ്പിന്റെ സമയത്ത് ഉള്‍പ്പെടെ അദ്ദേഹം ക്ലബിന്റെ തണലിലായിരുന്നു. പിന്നീട് കാനഡയിലേക്ക് ഹ്യൂം പോയപ്പോള്‍ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ഫിറ്റ്‌നസ് കോച്ച് മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും ത്രിപുരനേനി പറയുന്നു. ഹ്യൂമിന്റെ പുരോഗതി ഡേവിഡ് ജെയിംസ് തുടര്‍ച്ചയായി വിലയിരുത്തിയിരുന്നു. നാലാം സീസണിന്റെ തുടക്കത്തില്‍ തിളങ്ങാന്‍ ഹ്യൂമിന് സാധിച്ചില്ല. ഡേവിഡ് ജെയിംസിന്റെ കീഴില്‍ ഫോമിലേക്ക് ഉയര്‍ന്ന് തുടങ്ങിയപ്പോഴേക്കും പരിക്ക് വില്ലനായി എത്തി. എന്നിട്ടും ക്ലബ് അദ്ദേഹത്തെ കൈവിട്ടില്ല എന്നും സിഇഒ പറയുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ ഹ്യൂം പ്രതികരിച്ചതില്‍ ദുഃഖമുണ്ട്. ഹ്യൂമിനെ മുന്നില്‍ വെച്ച് ഭാവിയിലേക്ക് പല പദ്ധതികളും തങ്ങള്‍ പദ്ധതിയിട്ടിരുന്നു എന്നും ത്രിപുരനേനി വെളിപ്പെടുത്തുന്നു. പരിക്കു പറ്റി നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ വിധം മാറുകയായിരുന്നു എന്നാണ് ഹ്യൂം മാനേജ്‌മെന്റിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.  Kerala

Gulf


National

International