ചാരക്കേസ്: സുപ്രീംകോടതി വിധിയിലൂടെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞു: കെ. മുരളീധരന്‍timely news image

കോഴിക്കോട് : ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി കേസുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനസ്സിലെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ തുടക്കമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയാണ്. അന്നു നടന്ന കാര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. നിഷപക്ഷമായി കേസ് നടത്തിയിട്ടുള്ള വ്യക്തിയാണ് ഡികെ ജെയിന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കേസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ചാരക്കേസിനെ തുടര്‍ന്ന് കരുണാകരനെ പല സ്ഥലങ്ങളിലും കൂവി അപമാനിക്കുന്ന സാഹചര്യങ്ങള്‍ പോലും അക്കാലത്തുണ്ടായി. വേദനയോടെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും നാടിനും പാര്‍ട്ടിക്കും വേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്ത കരുണാകരനെതിരെയാണ് രാജ്യത്തെ ഒറ്റികൊടുത്തു എന്ന കുറ്റം ചാര്‍ത്തി ഇറക്കിവിട്ടത്. ഈ വിധി അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തു കൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസിലെ ചാര്‍ജ്ഷീറ്റ് തെറ്റായിരുന്നുവെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായി. എങ്ങനെയാണ് ഈ കേസ് ഉണ്ടായത് അടക്കമുള്ള കാര്യങ്ങള്‍ ജൂഡീഷ്യല്‍ സമിതി അന്വേഷിച്ച്‌ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരും. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. അദ്ദേഹം തെറ്റുചെയ്യാത്തതുകൊണ്ടാണല്ലോ കോടതി അങ്ങനെ വിധി പറഞ്ഞതെന്നും മുരളീധരന്‍ ചോദിച്ചു. ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് സുപ്രീംകോടതി തീരുമാനിച്ചു കഴിഞ്ഞു. ഇനി ഇതിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ചാണ് എന്‍ക്വയറി നടത്തുക. അപ്പോള്‍ ഏതൊക്കെ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന് വ്യക്തത വരും. നമ്പി നാരായണന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. അതേസമയം, ചാരക്കേസിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ല. അവര്‍ക്ക് നമ്പി നാരായണനോട് വിരോധം തോന്നേണ്ട കാര്യമില്ല. അപ്പോള്‍ ആരുടെയോ കയ്യിലെ ചട്ടുകമായിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകുക എന്ന് തീര്‍ച്ചയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇതിലെ പുകമറ ഇപ്പോഴും നീങ്ങിയിട്ടില്ലെന്നും പത്മജ പ്രതികരിച്ചു.Kerala

Gulf


National

International