മെസി ബാഴ്‌സ വിട്ട് ഇന്റര്‍മിലാനിലേക്ക്; മുന്‍ അര്‍ജന്റീനിയന്‍ താരം പറയുന്നുtimely news image

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ എക്കാലത്തേയും ഇതിഹാസ താരമാണ് ലയണല്‍ മെസി. കാല്‍പന്ത് കൊണ്ട് കളത്തില്‍ മായാജാലം തീര്‍ക്കുന്ന സൂപ്പര്‍ താരം. ആരാധകരുടെ സ്വന്തം മിശിഹ. കളത്തിലിറങ്ങിയാല്‍ പുതിയ റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്ത് ചരിത്രം സൃഷ്ടിക്കുന്ന താരം തന്റെ സ്വഭാവംകൊണ്ടും ആരാധക ഹൃദയങ്ങളില്‍ പെട്ടെന്നുതന്നെ ഇടംനേടി. എന്നാല്‍, റഷ്യന്‍ മാമാങ്കത്തില്‍ ഇതിഹാസ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. മാത്രമല്ല, അര്‍ജന്റീന മത്സരത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. അര്‍ജന്റീനിയന്‍ ടീമിന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന ശരങ്ങള്‍ ഉയര്‍ന്നതും മെസിക്കുനേരെയാണ്. റഷ്യന്‍ ലോകകപ്പ് മണ്ണില്‍ നിന്ന് മെസിയും സംഘവും നിരാശയോടെ മടങ്ങിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷ നിറവേറ്റാന്‍ സാധിക്കാതെ പോയ വിഷമം ഉള്ളിലൊതുക്കിയാണ് മെസി കളം വിട്ടത്. ശേഷം താരം സ്വയം ടീമില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബാഴ്‌സയുടെ മികച്ച പോരാളികളില്‍ ഒരാളായ ലയണല്‍ മെസിയെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ അര്‍ജന്റീനിയന്‍ താരം ഹാവിയര്‍ സാവിയോള. മെസി ബാഴ്‌സ വിട്ട് ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാനിലെത്താന്‍ സാധ്യതയുണ്ടെന്നാണ് സാവിയോള പറയുന്നത്. നിലവില്‍ 2021 വരെയാണ് ബാഴ്‌സലോണയുമായി മെസിക്ക് കരാറുള്ളത്. എന്നാല്‍, താരത്തിന് കരിയറിന്റെ അവസാനം വരെ തുടരാമെന്നും ബാഴ്‌സയില്‍ തന്നെ മെസി കരിയര്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ ദിവസം ക്ലബിന്റെ പ്രസിഡന്റ് ബര്‍ട്ടമൂ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മെസി ഇറ്റാലിയന്‍ ടീമിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് മെസിയുടെ സഹതാരമായിരുന്ന സാവിയോള അഭിപ്രായപ്പെട്ടത്. ബാഴ്‌സയുടേതല്ലാതെ മറ്റൊരു ക്ലബിന്റെ ജെഴ്‌സിയില്‍ മെസിയെ കാണുകയെന്നത് ആര്‍ക്കും ചിന്തിക്കാനാവില്ല. എന്നാല്‍, ഇത് ഫുട്‌ബോളാണ്. ഇവിടെ എന്തും സംഭവിക്കാം. അതുകൊണ്ട് ഇന്റര്‍ ആരാധകര്‍ നിരാശരാകേണ്ട കാര്യമില്ലെന്നും സാവിയോള പറഞ്ഞു. മെസിയെ ബാഴ്‌സയില്‍ നിന്നും റാഞ്ചാന്‍ പ്രേരിപ്പിക്കുകയെന്നത് ഏത് ടീമിനും ദുഷ്‌കരം പിടിച്ച പണി തന്നെയാണെന്നും റൊണാള്‍ഡോ, മെസി എന്നിവരില്‍ മികച്ച താരമായി ഞാന്‍ കണക്കാക്കുന്നത് മെസിയെയാണെന്നും സാവിയോള പറഞ്ഞു. അതേസമയം, ഇരു താരങ്ങളുടെയും റെക്കോര്‍ഡുകള്‍ മറികടക്കാന്‍ നിലവിലുള്ള താരങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും സാവിയോള കൂട്ടിച്ചേര്‍ത്തു.Kerala

Gulf


National

International