അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു; പിയാനോ വായിച്ചു; ഞാന്‍ വരാത്ത ദിവസങ്ങളില്‍ വോയ്‌സ് മെസേജ് അയച്ചു; തിരിച്ചുവരും എന്നു തന്നെയാണ് കരുതിയത്: വാക്കുകള്‍ ഇടറി സ്റ്റീഫന്‍ ദേവസി



timely news image

തിരുവനന്തപുരം: വിരല്‍തുമ്പില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌കറിനെ അനുസ്മരിച്ച് സുഹൃത്തുക്കള്‍. ബാലുവിനെയോര്‍ത്ത് വിതുമ്പുക മാത്രമല്ല, അവന്റെ സംഗീതം നിലക്കില്ല, നിലക്കാന്‍ സമ്മതിക്കില്ലെന്ന് ഉള്ളുപൊള്ളുന്ന വേദനയോടെ സ്റ്റീഫന്‍ ദേവസി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലായിരുന്നു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. നിരവധിപ്പേര്‍ ബാലഭാസ്‌കറുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. സ്റ്റീഫന്‍ ദേവസിയുടെ വാക്കുകള്‍ ഇങ്ങനെ: ‘ജീവിതത്തില്‍ ആദ്യമായി ഒരു ഫ്യൂഷന്‍ വായിക്കുന്നത് ബാലുവിന്റെ കൂടെയാണ്. ബാലുവിന്റെ ബാന്‍ഡ് കണ്ടിട്ടാണ് ഞാന്‍ ബാന്‍ഡ് തുടങ്ങുന്നത്. എന്റെ ഷോകളില്‍ ബാലുവും ബാലുവിന്റെ ഷോകളില്‍ ഞാനും ഗസ്റ്റ് ആയി. ലക്ഷ്മി ഗര്‍ഭിണിയാണെന്ന കാര്യം ആദ്യം ബാലു അറിയിച്ചത് എന്നെയാണ്. വ്യക്തിപരമായ പല കാര്യങ്ങളും തമ്മില്‍ പങ്കുവെച്ചു. ഐസിയുവിനകത്തു നിന്ന് ഞാന്‍ ചോദിച്ചു, പ്രോഗ്രാമിനു പോകണ്ടേ? പോകണം എന്ന് അവന്‍ പറഞ്ഞു. നീ തിരിച്ചു വരുമോ.? കാത്തിരിക്കാമെന്ന് ഞാന്‍ വാക്കു കൊടുത്തു. തിരിച്ചുവരും എന്നു തന്നെയാണ് കരുതിയത്. മിക്ക ദിവസങ്ങളിലും ഞാന്‍ ഉണ്ടായിരുന്നു. സ്റ്റീഫന്‍ വന്നില്ലെങ്കിലും വോയ്‌സ് മെസേജ് അയക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ വോയ്‌സ് മേസേജ് അയച്ചു. പിയാനോ വായിച്ചു. അവന്റെ നെറ്റിയില്‍ ഞാന്‍ ഒരുമ്മ കൊടുത്തു, പ്രാര്‍ത്ഥിച്ചു. പ്രോഗ്രാമിനു പോകുന്നതിനു മുന്‍പ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ അവന്‍ നമ്മളെയൊക്കെ പറ്റിച്ചു, പെട്ടെന്നു പോയി. ഞങ്ങള്‍ തമ്മില്‍ നല്ല കോംപിനേഷനായിരുന്നു. 100 സ്റ്റേജില്‍ ഒരുമിച്ചു വായിച്ചിട്ടുണ്ട്. ഇനി അങ്ങനെയൊരു കോംപിനേഷന്‍ എനിക്ക് കിട്ടില്ല. അവന്‍ സ്റ്റേജില്‍ കയറുമ്പോള്‍ ഭയങ്കര ചാം ആണ്.



Kerala

Gulf


National

International