ഇതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ജെഴ്‌സി; ഇത് ധീരന്‍മാര്‍ക്കുള്ള ആദരം; ബ്ലാസ്‌റ്റേഴ്‌സിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ



timely news image

കൊച്ചി: മഞ്ഞപ്പടയൊരുങ്ങി കഴിഞ്ഞു. കൊച്ചിയില്‍ ആരവങ്ങള്‍ മുഴങ്ങി. കൊച്ചി സ്റ്റേഡിയം മഞ്ഞക്കടലാകാന്‍ ഇനി കുറച്ച് നിമഷങ്ങള്‍ മാത്രമാണ് ബാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീണിലെ സ്വന്തം തട്ടകത്തിലെ ആദ്യ കിക്കോഫിന് കേരളം ഒന്നടങ്കം കാത്തിരിക്കുകയാണ്. അതേസമയം, മത്സരത്തിനേക്കാള്‍ ആവേശം നല്‍കുന്ന മറ്റൊരു കാഴ്ചയ്ക്കാകും ഇന്ന് കലൂര്‍ സ്റ്റേഡിയം സാക്ഷിയാവുക.പ്രളയ ദുരിതത്തില്‍ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പടപൊരുതിയ മത്സ്യത്തൊഴിലാളികള്‍ ഏതൊരു കായിക താരത്തിനും പ്രചോദനമാണ്. അതുകൊണ്ടുതന്നെയാണ് കേരള ബ്ലസ്റ്റേഴ്‌സ് ടീമിന്റെ ഹോം പോരാട്ടങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനത്തിന് മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ടീം തീരുമാനിച്ചതും. ഇന്ന് തങ്ങളുടെ ആദ്യ തട്ടക പോരിനിറങ്ങുമ്പോഴും ആ ആദരത്തെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.ടീമിന്റെ മഞ്ഞ ജെഴ്‌സിയില്‍ വെള്ളത്തിലൂടെ തോണി തുഴയുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ ചിത്രവും ഒപ്പം മുകളില്‍ ഹെലിക്‌പോറ്ററില്‍ ഒരാളെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ രേഖപ്പെടുത്തിയ ജേഴ്‌സിയാണ് ടീം അണിയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി അവര്‍ നടത്തിയ അതിസാഹസ ശ്രമങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് ജെഴ്‌സിയില്‍ ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പേജിലാണ് ജെഴ്‌സിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നമ്മുടെ ഹീറോസ് ആയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കേരളം ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നു ഒരു സ്‌പെഷ്യല്‍ ജെഴ്‌സി. നമ്മുടെ ടീം കൊച്ചിയില്‍ ആദ്യ അങ്കത്തിന് ഇറങ്ങുമ്പോള്‍, ഒരേ മനസ്സോടെ വരവേല്‍ക്കാം ‘ എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.



Kerala

Gulf


National

International