കൗസല്യ, അഭിമന്യുവിന്‍റെ പെങ്ങൾ.. എല്ലാവരും വരണം; കല്യാണം വിളിച്ച് അഭിമന്യുവിന്‍റെ അച്ഛനും അമ്മയുംtimely news image

മൂന്നാർ: അഭിമന്യൂ... നിറഞ്ഞ ചിരി സമ്മാനിക്കുന്ന ആ യുവാവിന്‍റെ മുഖം മലയാളികൾ മറന്നിട്ടുണ്ടാകില്ല..അവന്‍റെ നിഷ്‌കളങ്കമായ മുഖവും ചിരിയുമൊക്കെയുള്ള ചിത്രങ്ങൾ ലോകത്തിന്‍റെ ഏതുകോണിലുള്ള മലയാളികളെയും നോവിച്ചിട്ടുണ്ട്. മഹാരാജാസ് കോളെജ് ക്യാംപസിനുള്ളിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്‍റെ മരണത്തിൽ നാടൊന്നാകെ കരഞ്ഞു. മാസങ്ങൾക്കിപ്പുറം അഭിമന്യൂവിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സഫലമാകുകയാണ്. അവനില്ലാതെ അവന്‍റെ അച്ഛനും അമ്മയും അഭിമന്യൂവിന്‍റെ പെങ്ങളുടെ വിവാഹം നടത്തുകയാണ്. അഭിമന്യുവിന്‍റെ പെങ്ങൾ കൗസല്യയുടെ കല്യാണത്തിന് കേരളക്കരയെ ഒന്നാകെ ക്ഷണിക്കുകയാണ് അവന്‍റെ അച്ഛനും അമ്മയും. ഇവള്‍ അഭിമന്യുവിന്‍റെ പെങ്ങള്‍, എല്ലാവരും വരണം... കൗസല്യയുടെ കല്യാണത്തിനുള്ള ക്ഷണമാണിത്. കല്യാണത്തിന് കേരളം മുഴുവനും വിളിക്കണമെന്നാണ് ആഗ്രഹമെന്ന് അച്ഛൻ മനോഹരും അമ്മ ഭൂപതിയും പറഞ്ഞു. അടുത്തമാസം 11ന് രാവിലെ പത്തരയ്ക്ക് കൊട്ടക്കാമ്പൂരിന് സമീപമുള്ള റിസോർട്ടിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനാണ് വരൻ. അഭിമന്യുവിന്‍റെ അച്ഛന്‍റെ ബന്ധുവാണ് മധുസൂദനൻ.  നവംബർ അഞ്ചിന് കൊട്ടക്കാമ്പൂരിലെ വീട്ടില്‍ വെച്ചാണ് വധുവിന്‍റെ തമിഴ് ആചാരപ്രകാരമുള്ള പൂവിടീല്‍ ചടങ്ങ് നടക്കുന്നത്. അവന്‍റെ വാക്കുപാലിക്കാൻ ഞങ്ങൾ എല്ലാവരെയും വിളിക്കും. കോളെജിലെ അധ്യാപകരെയും കൂട്ടുകാരെയും എല്ലാം വിളിക്കും. അവന്‍റെ മരണശേഷം ഞങ്ങളുടെ വീട്ടിലെത്തിയ, സന്ദർശക ബുക്കിൽ പേരെഴുതിയിരുന്ന എല്ലാവരെയും കല്യാണം ഫോണിൽ വിളിക്കുമെന്നും അഭിമന്യുവിന്‍റെ മാതാപിതാക്കൾ പറയുന്നു. എട്ടു പുസ്തകങ്ങളിലായി രണ്ടായിരത്തോളം ആളുകളാണ് പേരെഴുതിയിരിക്കുന്നത്.  കഴിഞ്ഞ ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളെജിനുള്ളിൽ വച്ച് അഭിമന്യൂവിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൊല്ലുന്നത്. അഭിമന്യൂവിന്‍റെ മരണത്തെ തുടർന്നാണ് ഓഗസ്റ്റിൽ നടക്കേണ്ട പെങ്ങളുടെ കല്യാണം നീട്ടിവെച്ചത്. Kerala

Gulf


National

International