മൂലയിൽ തള്ളാനല്ല മുന്നിൽ ഇരുത്താൻ ; ആക്രിയിൽ നിന്നും വിസ്മയം തീർത്ത് സാറtimely news image

കോട്ടയം: ചിത്രകലയും കരവിരുതും കോർത്തിണക്കി ഡെക്കോപാഷുമായി സാറാ ജോര്‍ജ്ജ്. ഉപയോഗം കഴിഞ്ഞു വീടിന്‍റെ പിന്നാമ്പുറത്തേക്ക് തള്ളപ്പെടേണ്ട അടുക്കള പാത്രങ്ങളും കുപ്പികളും പൊട്ടിയ ഫ്‌ളവര്‍വേസുകളുമടക്കമുള്ള പാഴ്‌വസ്തുക്കൾ നയനമനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് സ്വീകരണ മുറികളിലെ അലങ്കാര വസ്തുക്കളാക്കുന്ന കലയാണ് സാറാ പരിചയപ്പെടുത്തുന്നത്. കാലിക്കുപ്പികളും ചെറുതടിപ്പെട്ടികളും റാന്തല്‍ വിളക്കുകളും മെഴുതിരികള്‍ പോലും പുതിയ രൂപഭാവങ്ങളോടെ സ്വീകരണ മുറികളിലെ അലങ്കാര വസ്തുക്കളായി മാറുന്ന കലയാണ് ഡെക്കാപാഷ്. ഈ കലയുടെ ഉറവിടം ഫ്രാന്‍സാണ്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ ക്യൂന്‍ വിക്ടോറിയ തന്‍റെ കൊട്ടാരത്തില്‍ അലങ്കാരത്തിന് ഈ രീതി ഉപയോഗിച്ചിരുന്നുവത്രേ. മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഡെക്കാപാഷിന്‍റെ പ്രചാരകയായി മാറുകയാണ് തിരുവനന്തപുരം കവടിയാര്‍ സ്വദേശിനിയും റിട്ട ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുമായ സാറാ ജോര്‍ജ്ജ്. ചെറുപ്പം മുതല്‍ക്കേ ചിത്രകലയോട് വലിയ ആഭിമുഖ്യമുണ്ടായിരുന്ന സാറാ അമേരിക്കയില്‍ നിന്നുമാണ് ഡെക്കാപാഷിനെക്കുറിച്ച് മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഈ ചിത്രകല അഭ്യസിക്കുകയും ചെയ്തു. കഴിഞ്ഞ 2 വര്‍ഷമായി കേരളത്തില്‍ ഡെക്കാപാഷിന്റെ പ്രചരണത്തില്‍ സജീവമാണ് ഈ കലാകാരി. കോട്ടയം വൈഡബ്യുസിഎ ഹാളിൽ നടന്ന പ്രദര്‍ശനം കാണാനെത്തിയവര്‍ക്കും ഡെക്കാപാഷ് കൗതുകമായി. ഡെക്കാപാഷ്(Decoupage) ഡെക്കാപാഷ് ചെയ്യുവാനുള്ള പ്രത്യേക ചോക്കും പേപ്പറും ഓൺലൈനായി വാങ്ങാവുന്നതാണ്. ഉണങ്ങിയ ഏത് പ്രതലവും ഡെക്കാപാഷിനുള്ള കാന്‍വാസാക്കാം. ആദ്യം പ്രൈമര്‍ പെയിന്റടിച്ച് അതിന് മുകളില്‍ ഡെക്കാപാഷ് നാപ്കിനില്‍ നിന്നും ഇളക്കിയെടുത്ത ചിത്രത്തിന്റെ പാളി ഡെക്കാപാഷ് പശ ഉപയോഗിച്ച് ഒട്ടിക്കുകയും അതിന് മുകളില്‍ വീണ്ടും പല തവണ പശ തേച്ച് ഒടുവില്‍ വാര്‍ണിഷും അടിച്ച് കഴിഞ്ഞാല്‍ അരിക് പോയ പാത്രങ്ങളോ ചോർച്ചയുള്ള ചായക്കെറ്റിലോ എന്തിന് വഴിയിൽ വലിച്ചെറിയുന്ന ഒഴിഞ്ഞ മദ്യക്കുപ്പി മുതല്‍ ഉപയോഗശൂന്യമായ തേപ്പുപെട്ടിയും ലാന്‍ഡ് ഫോണും വരെ പുതിയ ചന്തം കൈവരിക്കും.    ഡെക്കാപാഷിന് വേണ്ട പെയിന്‍റുകളും ചിത്രങ്ങളുമെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണിയില്‍ സുലഭമാണ്. ഒരു കുപ്പിയില്‍ ആലേഖനം പൂര്‍ത്തീകരിക്കാന്‍ കുറഞ്ഞത് ആറ് ദിവസം വേണ്ടി വരും. ഇതിനായുള്ള സാമ്പത്തിക ചിലവ് മാത്രം 700 രൂപയ്ക്ക് മുകളിൽ വരും. എന്നാല്‍ ഇവയുടെ  വിപണിയിലെ മൂല്യം അത്ര ചെറുതല്ല.  ഇതിനോടകം നൂറുകണക്കിന് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവ ഒന്നും വില്‍ക്കാന്‍ മനസ്സുവരുന്നില്ലെന്ന് സാറ പറയുന്നു. ഇത്തവണ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡെക്കാപാഷ് ചെയ്ത മെഴുകുതിരികള്‍ വില്‍ക്കാന്‍ സാറാ ലക്ഷ്യമിടുന്നുണ്ട്. കഴിയുന്നത്ര ആളുകളിലേക്ക് ഡെക്കാപാഷ് എത്തിക്കുക എന്നതാണ് ഇപ്പോള്‍ തന്‍റെ ലക്ഷ്യമെന്നും സാറാ പറയുന്നു.Kerala

Gulf


National

International