ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്; അവിടെ ധര്‍മം മാത്രമേ നടക്കൂ; ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ; ശബരിമല വിഷയത്തില്‍ നിലപാട് പറയാതെ പറഞ്ഞ് യേശുദാസ്timely news image

തിരുവനന്തപുരം: തികഞ്ഞ അയ്യപ്പ ഭക്തനാണ് യേശുദാസ്. അതിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഇത്തവണ സൂര്യ ഫെസ്റ്റിവലില്‍ യേശുദാസ് പാടിയത്. ശബരിമല അയ്യപ്പന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളില്‍ അസ്വസ്ഥനായിട്ടോ മറ്റോ യേശുദാസ് ഇക്കഴിഞ്ഞ സൂര്യ സംഗീത കച്ചേരി ശബരിമല ശാസ്താവിന് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ശബരിമലയിലെ സുപ്രീംകോടതി വിധിയെ സ്വീകരിക്കുയോ എതിര്‍ക്കുകയോ ഒന്നും യേശുദാസ് ചെയ്യുന്നില്ല. ഒന്നും പറയാതെ എല്ലാം പറയുകയായിരുന്നു യേശുദാസ്. അതുകൊണ്ട് തന്നെ യേശുദാസിന്റെ ഓഡിയോ വൈറലാക്കുകയാണ് അയ്യപ്പ ഭക്തര്‍.   ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്, ധര്‍മ്മമെ അവിടെ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസില്‍ ഓര്‍മ്മിപ്പിച്ചു. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളു. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ..സ്വാമിയെ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ അദ്ദേഹം സദസിനോട് വിശദീകരിച്ചു. സ്വന്തം പിതാവ് രഹസ്യമായി 41ദിവസം കഠിന വൃതമെടുത്ത് ശബരിമലയില്‍ പോയ കാര്യവും സ്വന്തമായി അയ്യപ്പസ്വാമിയെ കാണാന്‍ പോയ കാര്യവും യേശുദാസ് പറഞ്ഞു. സ്വകുടുംബം അയ്യപ്പന്റെ കാന്തവലയത്തില്‍ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാന്‍ ഇടയായ സാഹചര്യവും ഗാനഗന്ധര്‍വന്‍ വിവരിച്ചു. അത് എന്തുകൊണ്ടാണെന്നും വിശദീകരിക്കുന്നുണ്ട്. യേശുദാസിന്റെ വാക്കുകള്‍ ഇങ്ങനെ രണ്ട് വര്‍ഷം മുമ്പാണ് അച്ഛനെ കുറിച്ച് സുഹൃത്ത് പുസ്തകം എഴുതിയത്. അതില്‍ 1947ല്‍ അച്ഛന്‍ വൃതം നോക്കി ശബരിമലയില്‍ പോയതിനെ കുറിച്ച് പറയുന്നുണ്ട്. അമ്മ പോലും അറിയാതെയായിരുന്നു അത്. പുസ്തകം വായിച്ചപ്പോഴാണ് ഇതേ കുറിച്ച് ഞങ്ങള്‍ അറിയുന്നത്. പിന്നെ പത്തുകൊല്ലം കഴിഞ്ഞ് പൂര്‍ണ്ണത്രയീശ്വര ക്ഷേത്രത്തില്‍ ഞാന്‍ സുഹൃത്തുമൊത്ത് മധുര മണി അയ്യരുടെ കച്ചേരി കേള്‍ക്കാന്‍ പോയി. അമ്പലത്തിന് അകത്ത് കയറി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു ശബ്ദം ഉയര്‍ന്നു കേട്ടു. സ്വാമിയേ അയ്യപ്പാ… ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അതിനേ കുറിച്ച് ചോദിച്ചു. ്അയ്യപ്പക്ഷേത്രത്തില്‍ പോയി വരുന്നവരാണ് ഇതെന്ന് കൂട്ടുകാരന്‍ പറഞ്ഞു. മല ഇറങ്ങി എത്തിയ ശേഷം മാല ഊരുന്നതിന് മുമ്പ് ക്ഷേത്രത്തില്‍ വന്നതാണ് അവരെന്നും പറഞ്ഞു. പൂര്‍ണ്ണത്രയേശരീക്ഷേത്രത്തില്‍ കയറി കച്ചേരി കേള്‍ക്കാനാവാത്ത വേദനയില്‍ നിന്ന ഞാന്‍ എല്ലാ വേദനയും ഉള്ളിലൊതുക്കി ഈ അയ്യപ്പക്ഷേത്രത്തില്‍ എനിക്ക് പോകാനാകുമോ എന്ന് ചോദിച്ചു. നമുക്ക് നോക്കാമെന്ന് കൂട്ടുകാരന്‍ മറുപടിയും നല്‍കി. അന്ന് ദേവസ്വം ബോര്‍ഡില്ല. അയ്യപ്പ സേവാ സമാജത്തിന് ദര്‍ശനത്തിന് അനുവാദം ചോദിച്ച് കത്ത് നല്‍കി. ഇരുമുടിയുമായി ഭക്തിയോടെ എത്തുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ കയറാമെന്ന മറുപടിയും കിട്ടി. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം പാടിയ ആദ്യ വ്യക്തി. പിന്നീട് എന്നെ കൊണ്ട് ഹരിവരാസനവും പാടിച്ചു. ഇതൊക്കെ സാധിച്ചത് കൈക്കൂലിയൊന്നും കൊടുത്തല്ല. ഏഴ് വര്‍ഷമായി അയ്യപ്പന്റെ കാന്തിക വലയത്തിലാണ് കഴിയുന്നത്. എന്ത് സംഭവിച്ചാലും ആ കാന്തവലയത്തില്‍ കഴിയും. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രം. എന്റെ കൊച്ചു മകള്‍ ഉത്രം. എന്റെ അനിയന്റെ നക്ഷത്രം ഉത്രം.ഇതില്‍ അപ്പുറം എന്ത് വേണമെന്നും യേശുദാസ് ചോദിച്ചു.Kerala

Gulf


National

International