കെവിൻ കേസ്: കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടുtimely news image

കോട്ടയം: കെവിൻ വധക്കേസിലെ മുഖ്യപ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കോട്ടം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ടി.എം. ബിജുവിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നടപടിയെടുത്തത്. കൈക്കൂലി വാങ്ങുന്ന സമയം ബിജുവിനു ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാറിന്‍റെ മൂന്ന് വർഷത്തെ സർവീസ് ആനുകൂല്യങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ മുഖ്യപ്രതി സാനു ചാക്കോയേയും സംഘത്തേയും സംശ‍യാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നു പട്രോളിങ് നടത്തുകയായിരുന്ന എഎസ്ഐ ബിജുവും സിപിഒ അജയകുമാറും ചോദ്യം ചെയ്തിരുന്നു. സാനു യാത്ര ചെയ്ത കാറിന്‍റെ നമ്പർ പ്ലേറ്റ് ചെളി പറ്റിയതുപോലെ മറച്ചു വച്ചിരുന്നതിൽ സംശയം തോന്നിയാണ് ചോദ്യം ചെയ്തത്. ഇതിനോടൊപ്പം സാനുവും സംഘവും വന്ന വണ്ടി ഓടിച്ചിരുന്ന ഇഷാൻ മദ്യപിച്ചിരുന്നുവെന്നും കണ്ടെത്തി. തുടർന്നു മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുക്കാതിരിക്കാനും നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച വാഹനം കസ്റ്റഡിയിൽ എടുക്കാതിരിക്കാനുമായിരുന്നു ബിജു 2000 രൂപ കൈക്കൂലി വാങ്ങിയത്.  സാനുവിന്‍റെ വാഹനം പട്രോളിങ് സംഘം പരിശോധിക്കുന്ന അതേ സമയത്താണ് ഇവരുടെ കൂടെയുള്ള മറ്റൊരു സംഘം തൊട്ടപ്പുറത്തു വീടു തകർത്ത് കെവിനെയും സുഹൃത്തായ അനീഷിനെയും തട്ടിക്കൊണ്ടുപോകുന്നത്. സംശയകരമായ രീതിയിൽ കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ മറച്ചതിന്‍റെ കാരണം അന്വേഷിച്ച് എഎസ്ഐ ഇവർക്കെതിരെ സമയോചിതമായി നടപടി എടുത്തിരുന്നെങ്കിൽ കെവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു.  തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം കാരണം കെവിനെ പെൺകുട്ടിയുടെ സഹോദരൻ സാനുവിന്‍റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം തട്ടിക്കൊണ്ടു പോയി തെന്മല ചാലിയേക്കരയ്ക്കു സമീപം തോട്ടിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കേസിൽ നീനു മുഖ്യസാക്ഷിയാണ്.Kerala

Gulf


National

International