അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി; അയോഗ്യത 6 വര്‍ഷത്തേക്ക്; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജിtimely news image

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. ആറ് വര്‍ഷത്തേക്ക് കോടതി അയോഗ്യത വിധിച്ചത്. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവ് നല്‍കണം. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയാക്കി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. വ്യക്തിപരമായ അധിക്ഷേപിച്ചുവെന്ന നികേഷിന്റെ പരാതി കോടതി ശരിവെച്ചു. മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് നേടാന്‍ ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കെ.എം.ഷാജി വ്യക്തമാക്കി. 20 ശതമാനം മാത്രം മുസ്ലീങ്ങളുള്ള ഒരു മണ്ഡലത്തില്‍ താന്‍ ധ്രുവീകരണം നടത്തി എന്ന് പറയുന്നത് ശരിയല്ലെന്നും കെ.എം.ഷാജി പറഞ്ഞു. ‘ഒരുവിധികൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ് കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസെന്നും ഷാജി പറഞ്ഞു. ഞാന്‍ വര്‍ഗീയ പ്രചാരണം നടത്തി എന്നാണ് ആരോപണം. ഞാന്‍ രാഷ്ട്രീയത്തില്‍ ഇന്നലെ വന്ന ആളല്ല. എന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം നടത്തിയ ആളാണ്. ബോധപൂര്‍വമായ ശ്രമം ആണ് ഈ കേസിന് പിന്നില്‍. എന്‍റെ ജീവിതം കൊണ്ട് ഞാന്‍ തെളിയിച്ച ചിലതുണ്ട്. അത് ഇങ്ങനെയൊരു കേസ് കൊണ്ട് ഇല്ലാതാക്കാനാകില്ല’– ഷാജി പറഞ്ഞു. ഇസ്‌ലാം മത വിശ്വാസിയല്ലാത്തവർക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തെന്നും അപകീർത്തികരമായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നുമായിരുന്നു നികേഷ് കുമാര്‍ ഹർജിയില്‍ ആരോപിച്ചിരുന്നത്. 2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 2287 വോട്ടിനാണ് നികേഷ് കുമാറിനെ സിറ്റിങ് സീറ്റില്‍ കെഎം ഷാജി പരാജയപ്പെടുത്തിയത്. 2011ല്‍ 493 വോട്ടിനാണ് കെഎം ഷാജി ആദ്യമായി വിജയിച്ച് നിയമസഭയിലെത്തിയത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഷാജി ആരോപിക്കുന്നു. വ്യക്തമായ മതേതര നിലപാട് മാത്രമാണ് താന്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചതെന്നും ഷാജി പറയുന്നു.Kerala

Gulf


National

International