രണ്ടു വയസുകാരന്റെ മൃതദേഹവുമായി ഒരച്ഛന്‍ ബസില്‍ സഞ്ചരിച്ചത് 12 മണിക്കൂര്‍timely news image

തന്റെ 30 കൊല്ലത്തെ ജീവിതത്തിനിടയില്‍ കശ്മീരിലെ ഒരു സാധാരണ തൊഴിലാളിയായ മുഹമ്മദ് സുല്‍ത്താന്‍ ഇതിലും ഭാരമേറിയതൊന്നും ചുമലിലേറ്റിയിട്ടുണ്ടാവില്ല. ഒരുപാട് പേരുടെ കണ്ണുകളില്‍ നിന്നൊളിപ്പിച്ച് പഴയൊരു കമ്പിളിപ്പുതപ്പിനുള്ളില്‍ ഭദ്രമായി പൊതിഞ്ഞ്, ഒരു രാത്രി മുഴുവന്‍ നെഞ്ചിലെ വിങ്ങലടക്കി ജമ്മുവില്‍ നിന്ന് കിഷ്ത്‌വാറിലേക്ക് അയാള്‍ കൊണ്ടുവന്നത് രണ്ടു വയസുകാരന്‍ മകന്റെ മൃതശരീരമാണ്. ആ രാത്രിയിലെ 12 മണിക്കൂര്‍ നീണ്ട യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല സുല്‍ത്താന്. 230 കിലോമീറ്റര്‍ ദൂരം ബസില്‍ മരവിച്ച കുഞ്ഞുശരീരവുമായി യാത്രചെയ്യേണ്ട ഗതികേട് ഒരച്ഛനും വരരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണ് നിര്‍ഭാഗ്യവാനായ അയാള്‍. മൃതശരീരമാണെന്നറിഞ്ഞാല്‍ ബസിലും യാത്ര നിഷേധിച്ചാലോയെന്ന് ഭയന്നാണ് പുതപ്പില്‍ പൊതിഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്ന് സുല്‍ത്താന്‍ ഓര്‍മിച്ചു. തന്റെ നിസഹായതയെ പഴിക്കാനുള്ള മനസ്സാന്നിധ്യം പോലും നഷ്ടമായ അവസ്ഥയിലാണ് വീട്ടിലേക്ക് സുല്‍ത്താന്‍ മടങ്ങിയെത്തിയത്. രണ്ടു വയസുകാരന്‍ മനാന് ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കിഷ്ത്‌വാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചില മരുന്നുകള്‍ നല്‍കിയെങ്കിലും ജമ്മുവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മുവിലേക്ക് പോകാന്‍ ആംബുലന്‍സ് വിട്ടുകിട്ടാനായി കിഷ്ത്‌വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അംഗ്രേസ് സിങ് റാണയെ സമീപിച്ചെങ്കിലും അയാളത് അവഗണിച്ചുവെന്ന് സുല്‍ത്താനും ബന്ധുവായ മുസാഫര്‍ ഹുസൈനും പറഞ്ഞു. തുടര്‍ന്ന് അബാബീല്‍ എന്ന സന്നദ്ധസംഘടനയുടെ സഹായം തേടിയെങ്കിലും ആംബുലന്‍സിന് പണം നല്‍കാനില്ലാത്തതു കൊണ്ട് അതും നടന്നില്ല. സംഘടനയുടെ പ്രവര്‍ത്തകര്‍ പണം സമാഹരിച്ച് എത്തിയപ്പോള്‍ വൈകിപ്പോയിരുന്നു. ആംബുലന്‍സ് തരപ്പെടുത്തി ജമ്മുവില്‍ എത്തിയപ്പോഴേക്കും വിധി മനാന്റെ ജീവന്‍ കവര്‍ന്നെടുത്തിരുന്നു. പിന്നീട് മൃതദേഹം കിഷ്ത്‌വാറിലേക്ക് എത്തിക്കാനുള്ള പരിശ്രത്തിലായിരുന്നു. പലരോടും അപേക്ഷിച്ചു. ആരും ചെവിക്കൊണ്ടില്ല. മകന്റെ മരവിച്ച ശരീരവുമായി ആറു മണിക്കൂര്‍ ജമ്മു ബസ് സ്റ്റാന്‍ഡില്‍ കാത്തിരുന്നു. ഒടുവിലാണ് മൃതശരീരം ആരും കാണാതെ പൊതിഞ്ഞ് ബസില്‍ പോകാന്‍ തീരുമാനിച്ചതെന്ന സുല്‍ത്താന്‍ പറയുന്നു. റാണയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അല്‍പം കരുണയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ മനാന്‍ ജീവിതത്തിലേക്ക് മടങ്ങി വരുമായിരുന്നുവെന്ന് സുല്‍ത്താന്‍ അതീവദുഃഖിതനായി അറിയിച്ചു. ജമ്മുവിലെ ആശുപത്രിയില്‍ മനാനെ എത്തിച്ച ആംബുലന്‍സ് സൗകര്യമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ബസില്‍ ഒളിപ്പിച്ച് മനാന്റെ ശരീരം നാട്ടിലെത്തിക്കേണ്ടി വരില്ലായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കി. വെള്ളിയാഴ്ച രാത്രിയോടെ മനാന്റെ ശരീരം മറവു ചെയ്തു.Kerala

Gulf


National

International