അക്രമങ്ങളിൽ അതീവ ജാഗ്രത: 5000 പേർക്കെതിരെ കേസ്, 1369 പേര്‍ അറസ്റ്റില്‍, പൊലീസ് നടപടി തുടരുന്നുtimely news image

കൊച്ചി: ശബരിമലയിൽ യുവതികളുടെ പ്രവേശത്തിന് പിന്നാലെ സംസ്ഥാനത്താകെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തി പൊലീസ്. കഴിഞ്ഞ രണ്ടു ദിവസം അരങ്ങേറിയ അക്രമ പരമ്പരകൾക്കു വെള്ളിയാഴ്ച ശമനമുണ്ടായെങ്കിലും മിക്ക ജില്ലകളിലും സംഘർഷം ആവര്‍ത്തിച്ചേക്കാമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. രണ്ടു ദിവസമെങ്കിലും സംഘര്‍ഷ സാധ്യത നിലനിൽക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡിജിപി നിര്‍ദേശിച്ചു.  അതേസമയം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതയും പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഇതനുസരിച്ചുള്ള നിരീക്ഷണത്തിനും സുരക്ഷാ ക്രമീകരണത്തിനുമാണ് ഡിജിപിയുടെ നിർദ്ദേശം. സംഘർഷം ഇനിയും പൊട്ടിപ്പുറപ്പെട്ടാൽ കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പൊലീസിന്‍റെ പരിഗണനയിലുണ്ട്. അതിനിടെ, കേസെടുത്തവരുടെ അറസ്റ്റിനുള്ള പ്രത്യേക അന്വേഷണ സംഘങ്ങളും രൂപീകരിച്ചു. ഇതു പ്രകാരം ഓരോ പൊലീസ് സ്റ്റേഷനിലും നാലു പൊലീസുകാരടങ്ങുന്ന പ്രത്യേക സംഘത്തെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും മാത്രമായി നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ എസ്പിയുടെ നേതൃത്വത്തിലും പ്രത്യേക സംഘമുണ്ട്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേരെ പ്രതിചേർത്ത് 801 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ 1369 പേര്‍ ഇതുവരെ പിടിയിലായി. അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.Kerala

Gulf


National

International