എസ്ബിഐ ഓഫീസ് ആക്രമണം: എന്‍ജിഒ യൂണിയന്‍ നേതാക്കളെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു; ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്timely news image

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫീസ് ആക്രമിച്ച കേസില്‍ ജില്ലയിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അശോകന്‍, ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബാങ്കിലെ കമ്പ്യൂട്ടര്‍, ലാന്റ് ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഹരിലാല്‍. ഇയാള്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ അറ്റന്‍ഡറാണ്. എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറിയാണ് അശോകന്‍. ഇയാള്‍ ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനാണ്. സെക്രട്ടേറിയേറ്റിന് സമീപത്തെ എസ്ബിഐ ഓഫീസ് അടിച്ചു തകര്‍ത്ത് ദിവസം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായത്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കുക്കന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് നാലുപേര്‍ ബാങ്കില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തെങ്കിലും തുടര്‍ന്ന് നടപടികള്‍ ഒന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.Kerala

Gulf


National

International