പത്രത്തില്‍ വായിച്ച അറിവെ തനിക്കുളളു ; പി.സി ജോർജിന്‍റെ യുഡിഎഫ് പ്രവേശനത്തെ കുറിച്ച് ചെന്നിത്തല



timely news image

ന്യൂഡൽഹി: യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള ജനപക്ഷം പാര്‍ട്ടിയുടെ നേതാവ് പി.സി ജോര്‍ജിന്‍റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവെ തനിക്കുളളൂ . ഇനിയുളള നാളുകള്‍ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും തീരുമാനം. അതിനായി താഴെത്തട്ട് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എ.കെ ആന്‍റണിയുടെ മകന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ ആക്കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. . വിവേകാനന്ദന്‍റെ ജന്മദിനമായി ജനുവരി 12ന് സിപിഎം- ബിജെപി അക്രമത്തിനെതിരെ കേരളം ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫില്‍ ചേരുമെന്നും കേരള ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ബിജെപിയുമായും സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിയുമായും സഹകരിക്കില്ല. ചര്‍ച്ചകള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചതായും ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും താനറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ പ്രതിപക്ഷനേതാവ് കൂടിയായ ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.



Kerala

Gulf


National

International