തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലtimely news image

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രം തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നെന്ന വാര്‍ത്തയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. രണ്ട് പതിറ്റാണ്ടിലധികമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുകയാണ്. പോളിംഗിന്റെയും വോട്ടെണ്ണലിന്റെയും കാലതാമസം ഒഴിവാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ  കാര്യക്ഷമതയ്ക്കും സുരക്ഷയ്ക്കും ഉതകുന്നത് വോട്ടിംഗ് യന്ത്രം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലണ്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ അമേരിക്കൻ ഹാക്കറായ സെയ്ദ് ഷൂജ താൻ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വോട്ടിഗ് യന്ത്രം തിരിമറി ആരോപണം വീണ്ടും വാർത്തയായത്. തുടർന്ന് ഈ വിവാദം കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോരായി മാറി. എസ്പി, ബിഎസ്പി തുടങ്ങിയ പാർട്ടികൾ പേപ്പർ ബാലറ്റിലേക്ക് മടങ്ങണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി  ഉൾപ്പെടെയുള്ള നേതാക്കളും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ സെയ്ദ്  ഷൂജക്കെതിരെ കേസെടുത്ത് അന്വേഷിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പും പലവട്ടം വ്യക്തമാക്കിയതാണ്. ഇപ്പോഴത്തേത് വസ്തുതാവിരുദ്ധമായ ആരോപണം ആണെന്നും ഇത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ആവർത്തിച്ചു.Kerala

Gulf


National

International