അവളെന്ന് വിളിച്ചത് ബഹുമാനത്തോടെ, വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു: എസ്. രാജേന്ദ്രൻtimely news image

മൂന്നാർ‌: അനധികൃത നിർമാണം തടഞ്ഞതിനെ തുടർന്നു ദേവികുളം സബ് കലക്റ്റർ രേണു രാജ് ഐഎഎസിനെ അധിക്ഷേപിച്ച സംഭവത്തിൽ‌‌ എസ്. രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. തന്‍റെ പരാമർശം സ്ത്രീ സമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിര്‍മാണം സംബന്ധിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എംഎല്‍എ പ്രതികരിച്ചു.  വീട്ടിൽ ഭാര്യയേയും മക്കളേയും 'അവൾ' എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് സബ് കലക്റ്റർ‌ രേണു രാജിനെയും വിളിച്ചത്. ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയ കുട്ടിയാണ് സബ് കലക്റ്റർ, അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് കരുതുന്നത്. എങ്കിലും സ്ത്രീ സമൂഹത്തിന് തന്‍റെ പരാമർശത്തിൽ വേദനയുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ സിപിഎം നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് രാജേന്ദ്രന്‍റെ ഖേദപ്രകടനം. മൂന്നാർ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് മുതിരപ്പുഴയാറിനോട് ചേര്‍ന്നു വനിതാ വ്യാവസായ കേന്ദ്രത്തിന്‍റെ നിർമാണം തടയാനെത്തിയ റവന്യൂ സംഘത്തെ എംഎൽഎ തടഞ്ഞതും സബ് കലക്റ്റർക്കെതിരേ മോശം പരാമർശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിട  നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്റ്റര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് അവൾ കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. Kerala

Gulf


National

International