കളക്ടറോട് അപമര്യാദയായി സംസാരിച്ചു; ദേവികുളം എംഎല്‍എയ്‌ക്കെതിരെ സിപിഐtimely news image

ഇടുക്കി: സബ്കളക്ടര്‍ രേണു രാജിനോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ സിപിഐ രംഗത്ത്. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎല്‍എ എസ് രാജേന്ദ്രനെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണമെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞത്. അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎല്‍എ കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പദവിക്ക് ചേരാനാകാത്ത വിധം എംഎല്‍എ പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശിവരാമന്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ എംഎല്‍എയോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. തെറ്റായ പെരുമാറ്റം പാര്‍ട്ടി ഒരിക്കലും അംഗീകരിക്കില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. സബ് കളക്ടറോട് എംഎല്‍എ എങ്ങനെ പെരുമാറി എന്നത് പാര്‍ട്ടി അന്വേഷിക്കുമെന്നും ഇക്കാര്യത്തില്‍ എംഎല്‍എയോട് നേരിട്ട് വിശദീകരണം ചോദിക്കുമെന്നുമാണ് സിപിഎം പറയുന്നത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ എന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്.Kerala

Gulf


National

International