ദുബൈ രാജ്യാന്തര ബോട്ട് ഷോ 26ന് ആരംഭിക്കുംtimely news image

ദുബൈ: ദുബൈ രാജ്യാന്തര ബോട്ട് ഷോ 26ന് ജുമൈറ ദുബൈ കനാലില്‍ ആരംഭിക്കും. ദുബൈ ലേഡീസ് ക്ലബിനു സമീപം മാര്‍ച്ച് രണ്ടുവരെ നീളുന്ന പ്രദര്‍ശനത്തില്‍ അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറിലധികം കമ്പനികള്‍ പങ്കെടുക്കും. ഇത്തവണ പുതിയതായി വിയറ്റ്‌നാമില്‍ നിന്നുള്ള കമ്പനികളും പങ്കെടുക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് 38 രാജ്യാന്തര അത്യാധുനിക ജലയാനങ്ങള്‍ നീരണിയുന്ന ചടങ്ങുകള്‍ക്കും ദുബൈ കനാല്‍ സാക്ഷ്യം വഹിക്കുക. 450 യോട്ടുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നായി പങ്കെടുക്കാവുന്ന സാഹസിക വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബൈ പോര്‍ടുമായി ബന്ധപ്പെടുത്തിയുള്ള യാത്രകളും ഇതിന്റെ ഭാഗമാകും. 65 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ദുബൈ തുറമുഖം ഇതിനായി സജ്ജമാക്കിയതായും അധികൃതര്‍ വെളിപ്പെടുത്തി. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ വ്യവസായ സാധ്യത 74.7 ബില്യണ്‍ ഡോളറിന്റേതാണെന്ന് കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ മാത്രം 1.5 ബില്യണ്‍ ഡോളറിന്റെ വ്യവസായം നടന്നു. കടലിലും കടല്‍ത്തീരത്തും വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ പലതിലും ഇളവു വരുത്തിയതും ഈ മേഖലയ്ക്കു നേട്ടമാകും. ദുബൈ തുറമുഖത്തിന്റെ വികസനത്തോടെ വന്‍ സാധ്യതകളാണ് ഈ രംഗത്തുള്ളത്. റജിസ്റ്റര്‍ ചെയ്ത ചെറുതും വലുതമായ പതിനായിരത്തോളം ഉല്ലാസ ബോട്ടുകളുണ്ട് യുഎഇയില്‍. 40 മീറ്റിലധികം വലുപ്പമുള്ള 216 സൂപ്പര്‍ യോട്ടുകളും മധ്യപൂര്‍വ ദേശത്തുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ 12 ട്രില്യണ്‍ ഡോളറിന്റെ വ്യവസായം ഈ മേഖലയില്‍ നടക്കും. ബോട്ട് പ്രദര്‍ശനത്തോടനുബന്ധിച്ച് ആറ് തരത്തിലുള്ള പുതിയ ബോട്ടുകളുടെ പ്രദര്‍ശനവും ഉണ്ടാകും. നൂതന സാങ്കേതികവിദ്യകളും ആര്‍ഭാടങ്ങളും ആവോളമുള്ള ബോട്ടുകള്‍, യോട്ടുകള്‍, പായ്ക്കപ്പലുകള്‍, കട്ടമരങ്ങള്‍, കടലാഴങ്ങളിലേക്കു കുതിക്കാനുള്ള അണ്ടര്‍ വാട്ടര്‍ ജെറ്റ് തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്. ഏറ്റവും പുതിയ 23 പ്രാദേശിക ബോട്ടുകളുടെ പ്രദര്‍ശനവും നടക്കും. ഒരു ലക്ഷം ദിര്‍ഹം വിലയുള്ള ബോട്ടുകള്‍ മുതല്‍ കോടികള്‍ വിലമതിക്കുന്നവ വരെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഴുകി നടക്കുന്ന കൊട്ടാരങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന 50 മീറ്റര്‍ നീളമുള്ള ഹീസന്‍ റോക്കറ്റ്, 47 മീറ്ററിന്റെ അക്വ മറീന, 38 മീറ്ററിന്റെ കസ്റ്റം ലൈന്‍ എന്നിവയും ഉണ്ട്. എമിറേറ്റിന്റെ സ്വന്തം 42 മീറ്റര്‍ നീളമുള്ള മജസ്റ്റി 140, 31.7 മീറ്ററിന്റെ മജസ്റ്റി 100 എന്നിവയും കാണികള്‍ക്ക് കണ്ണിനു വിരുന്നാവും. 28ന് ദുബൈ മുതല്‍ മസ്‌ക്കത്ത് വരെ സെയ് ലിങ് മല്‍സരമുണ്ട്. മല്‍സരം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. മീന്‍ പിടുത്ത മല്‍സരവുമുണ്ട്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഇന്ത്യന്‍ ഓഷ്യന്‍ ബ്ലൂ മര്‍ലിന്‍ കപ്പ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അക്വാ ബൈക്ക്, ഫ്‌ലൈബോര്‍ഡ്, ജെറ്റ് സ്‌കീ തുടങ്ങി ധാരാളം മല്‍സരങ്ങള്‍ നടക്കും. എമിറേറ്റ്‌സ് ഡൈവിങ് അസോസിയേഷനുമായി ചേര്‍ന്ന് ഡൈവിങ് പഠിക്കാനും അവസരം ഉണ്ട്. കടലിലും കരയിലും പാട്ടും വിവിധ കലാപരിപാടികളും അരങ്ങേറും.ബോട്ട് ഷോയില്‍ ഇതാദ്യമായി റീതിങ്ക് നൈറ്റ് ഔട്ട് എന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടിങ്, യോട്ടിങ് രംഗത്തെ പ്രഗത്ഭര്‍ അവരുടെ അനുഭവങ്ങളും ഈ മേഖലയിലെ കണ്ടുപിടുത്തങ്ങളും പങ്കുവയ്ക്കുന്ന പരിപാടിയാണിത്. രാജ്യാന്തര പ്രശസ്തര്‍ അഞ്ചു മിനിറ്റു വീതം അവരുടെ ആശയങ്ങളും മറ്റും അവതരിപ്പിക്കും. പിന്നീട് അവരുമായി ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവുമുണ്ട്. 27ന് രാത്രി 7.30ന് പരിപാടി ആരംഭിക്കും.പത്രസമ്മേളനത്തില്‍ ദുബൈ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ സീനിയര്‍ അഡൌസറും ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ. സയീദ് ഹറേബ്, ഗള്‍ഫ് ക്രാഫ്റ്റ് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ഓഫിസര്‍ അബീര്‍ അല്‍ഷാലി, അഹമദ് അല്‍ അമീറി, ട്രിക്‌സി ലോമിര്‍മാന്‍ഡ്, മഹീര്‍ ജുല്‍ഫാര്‍, ഡോ. നൌഫല്‍ അല്‍ ജുറാനി എന്നിവര്‍ പങ്കെടുത്തു. കടല്‍യാത്രയുടെ സാഹസികതയും സാധ്യതയും കൈക്കോര്‍ക്കുന്ന ഈ ബോട്ട് ഷോ ദുബൈ നഗരത്തിന് ആവേശം പകരുന്നതാവും.Kerala

Gulf


National

International