നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി; ദിലീപിന്റെ എതിര്‍പ്പ് വിചാരണ വൈകിപ്പിക്കാനെന്ന് സര്‍ക്കാര്‍; 9 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിtimely news image

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുക.പ്രത്യേക കോടതിയും ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് മാത്രമാണെന്നും അതിന് നിയമം അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വനിതാ ജ‍ഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദിലീപിന്റെയും പള്‍സര്‍ സുനിയുടേയും എതിര്‍പ്പ് തള്ളിയാണ് കോടതിയുടെ ഉത്തരവ്. നടിയുടെ ആവശ്യത്തെ ദിലീപ് കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ ദിലീപിന്‍റെ എതിര്‍പ്പ് വിചാരണ വെെകിക്കുന്നതിനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ദിലീപിന് വിചാരണ പൂര്‍ത്തിയാക്കണ്ടേയെന്ന് ഹൈക്കോടതി ചോദിച്ചു.എറണാകുളം സിബിഐ കോടതി (3) – ലാകും വാദങ്ങള്‍ നടത്തുക. നടിക്ക് മാത്രമായി എന്തിന് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്.വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായിരുന്നു ദിലീപിന്റെ അപേക്ഷ. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്നും നടിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്‍റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസിൽ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം സ്ത്രീകള്‍ ഇരകളാകുന്ന കേസുകൾ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം പലപ്പോഴും നിർഭയമായി മൊഴി നൽകുവാൻ കഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.Kerala

Gulf


National

International