ഏതെങ്കിലും മതത്തിനെതിരല്ല, ഭീകരതയ്‌‌ക്കെതിരായാണ് പോരാട്ടം: സുഷമാ സ്വരാജ്timely news image

അബുദബി: ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെയല്ലെന്ന്​ ഇസ്‌ലാമിക സഹകരണ സംഘടനാ (ഒഐസി) സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്​. ഭീകരതയ്ക്ക് മതമില്ല. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണം. ഏതുതരത്തിലുള്ള ഭീകരവാദവും മതത്തെ വളച്ചൊടിക്കലാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതവുമായുള്ള ഏറ്റുമുട്ടലല്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.  എല്ലാ മതങ്ങളും സമാധാനത്തെ കുറിച്ചാണ്​ സംസാരിക്കുന്നത്. ദൈവം ഒന്നാണെന്നും അതിനെ മനുഷ്യൻ വിവിധ രീതികളിലുടെ ആരാധിക്കുക മാത്രമാണ്​ ചെയ്യുന്നതെന്ന ഋഗ്വേ​ദ ദർശനത്തെയും ഒ.ഐ.സി സമ്മേളനത്തിലെ പ്രസംഗത്തിനിടെ സുഷമ ഓർമിപ്പിച്ചു. മഹാത്​മ ഗാന്ധിയുടെയും എല്ലാ പ്രാര്‍ഥനകളും 'ശാന്തി'യില്‍ അവസാനിക്കുന്ന നാട്ടിൽ നിന്നാണ് താൻ വരുന്നതെന്നും ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സുഷമാ സ്വരാജ് പറഞ്ഞു. ഭഗവത് ഗീതയിലെയും ഖുറാനിലെയും സൂക്തങ്ങൾ ഉദ്ധരിച്ചായിരുന്നു സുഷമയുടെ പ്രസംഗം. വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയിൽ മുസ്ലീം സഹോദരങ്ങൾ വളരെ ഐക്യത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ അവരിൽ വളരെ ചുരുക്കം ചിലർ മാത്രം തീവ്രശക്തികളുടെ പ്രചരണത്തിൽ വീഴുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്​ലാമിക രാജ്യങ്ങൾ ഇന്ത്യക്ക്​ നൽകിയ പിന്തുണയിൽ നന്ദി അറിയിച്ച അവർ വിവിധ രാഷ്​​ട്ര നേതാക്കളുമായും കൂടിക്കാഴ്​ച നടത്തി.  ബാലാക്കോട്ടിലെ ഭീകരതാവളം ആക്രമിച്ചതിന്‍റെ പേരില്‍ സമ്മേളനത്തില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും നടക്കുന്ന സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇസ്‌ലാമിക സഹകരണ സംഘടനാ സമ്മേളനത്തിനു ഇന്ത്യയെ പ്രത്യേകം ക്ഷണിച്ചത്.  Kerala

Gulf


National

International