ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഒമാനില്‍ 10 ലക്ഷം ഈന്തപ്പനകള്‍ നടുംtimely news image

സലാല: ഒമാനില്‍ ഈന്തപ്പന കൃഷി വ്യാപകമാക്കാന്‍ പദ്ധതി. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് 10 ലക്ഷം ഈന്തപ്പനകള്‍ നടുന്നതിന്റെ ഭാഗമായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ തുടക്കമിട്ട രണ്ടു പദ്ധതികള്‍ വിജയകരമായി മുന്നേറുന്ന സാഹചര്യത്തിലാണിത്. ഷാലിം വിലായത്തിലെ മര്‍മുല്‍, അല്‍ നജദ് എന്നിവിടങ്ങളിലാണിത്. മര്‍മുലില്‍ 55,000 തൈകളും അല്‍ നജദില്‍ ഒരു ലക്ഷം തൈകളുമാണ് നട്ടതെന്ന് ഒമാന്‍ സഹമന്ത്രിയും ദോഫാര്‍ ഗവര്‍ണറുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി പറഞ്ഞു. ഇതോടനുബന്ധിച്ച് തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈന്തപ്പനയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ചിത്രീകരിച്ച് കാര്‍ഷിക വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തിന്റെ 11 മേഖലകളില്‍ ഈന്തപ്പന കൃഷി ഊര്‍ജിതമാക്കാനാണു തീരുമാനം. നൂതന ജലസേചന സൗകര്യങ്ങളോടെയാണു കൃഷിയിടങ്ങള്‍ സജ്ജമാക്കുക. മികച്ചിയിനം ഈന്തപ്പനകള്‍ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഭക്ഷ്യസംസ്‌കരണമേഖലയിലും തൊഴിലവസരങ്ങളൊരുക്കാന്‍ ഇതു സഹായകമാകും. കീടങ്ങളുടെ സാന്നിധ്യം, ആക്രമണം കൂടുതലുള്ള മേഖലകള്‍, മണ്ണിന്റെ ഗുണമേന്മ എന്നിവ മനസ്സിലാക്കാന്‍ ഡ്രോണുകള്‍ക്കു സാധിക്കും. ഇവ എവിടെ നിന്നാണു വരുന്നതെന്നും കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. സംയോജിത കാര്‍ഷിക മേഖലകളില്‍ പലതരം കീടങ്ങളുടെ ആക്രമണം പതിവാണ്. കര്‍ഷകര്‍ക്കു ദിവസവും പരിശോധന നടത്താനും മുന്‍കരുതല്‍ സ്വീകരിക്കാനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പല കീടങ്ങള്‍ക്കും ഹെക്ടറുകളോളം സ്ഥലത്ത് അതിവേഗം പെരുകാനും വന്‍തോതില്‍ നാശം വിതയ്ക്കാനും കഴിയുമെന്നിരിക്കെ ഡ്രോണ്‍ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം. ഈന്തപ്പനകള്‍ നശിപ്പിക്കുന്ന കൊമ്പന്‍ ചെല്ലികള്‍, കാര്‍ഷിക വിളകള്‍ക്കു ഭീഷണിയായ വെട്ടുകിളികള്‍ തുടങ്ങിയവയെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ തുരത്താന്‍ യുഎന്‍ സഹായത്തോടെ ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കാനും കൃഷിമത്സ്യബന്ധന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.Kerala

Gulf


National

International