പി.ടിയെ വേട്ടയാടിയവർ അനുഭവിച്ചു, ഇപ്പോൾ സഭയും തിരുത്തി ആ തെറ്റ് !timely news image

ഇടുക്കിയില്‍ കത്തോലിക്കാസഭയുടെ നിലപാടു മാറ്റത്തില്‍ മത്സരിക്കാന്‍ സീറ്റുപോലും നഷ്ടമായി തൃക്കാക്കരയിലേക്ക് മാറേണ്ടിവന്ന കോണ്‍ഗ്രസിലെ ഒറ്റയാന്‍ പി.ടി തോമസിന് ഇനി മനസറിഞ്ഞു ചിരിക്കാം. പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ പ്രതികരണമായി പ്രളയമെന്ന ശിക്ഷയേറ്റുവാങ്ങേണ്ടിവന്ന ഇടുക്കിയില്‍ കത്തോലിക്കാസഭയും നിലപാടു മാറ്റിയിരിക്കുകയാണിപ്പോള്‍.കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്നു നിലപാടെടുത്ത പി.ടി തോമസ് എം.പിക്കെതിരെ അന്നത്തെ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ് പരസ്യ നിലപാടെടുത്തിരുന്നത് .ഇതോടൊപ്പം ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതാവായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന് സഭയുടെ പിന്തുണയും നല്‍കി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സിറ്റിങ് എം.പിമാരില്‍ പി.ടി തോമസിന് സീറ്റ് തെറിച്ചത്. പി.ടിക്ക് പകരക്കാരനായി ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസിനെ 50,400 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോയ്‌സ് ജോര്‍ജ് കോണ്‍ഗ്രസിന്റെ കോട്ടയായ ഇടുക്കി പിടിച്ചെടുത്ത് പാര്‍ലമെന്റിലെത്തിയത്.   ഇടുക്കി നഷ്ടമായ പി.ടി തോമസ് പിന്നീട് നിയമസഭാതെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ മത്സരിച്ച് എം.എല്‍.എയായി. ഭൂമി കൈയ്യേറ്റങ്ങള്‍ക്കും പ്രകൃതി ചൂഷണങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പി.ടി തോമസിന്റെ നിലപാട് ശരിവെക്കുന്നതായിരുന്നു കേരളം സമീപകാലത്ത് നേരിട്ട പ്രളയം. പ്രളയത്തില്‍ കൂടുതലും പ്രകൃതികൈയ്യേറ്റങ്ങള്‍ നടത്തിയ ഇടുക്കിയിലാണ് കനത്ത നാശം വിതിച്ചത്. പി.ടിയുടെ നിലപാടാണ് ശരിയെന്ന് അന്ന് സോഷ്യല്‍മീഡിയയും ഉയര്‍ത്തികാട്ടിയിരുന്നു. ഇത്തവണ ഇടതുസ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന് കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന് ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. രൂപതയിലെ വൈദികര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടരുതെന്നു കാണിച്ച് ബഷപ്പ് രഹസ്യസര്‍ക്കുലറും അയച്ചുകഴിഞ്ഞു. ഇടുക്കി രൂപതയിലെ 130 പള്ളികളിലെ 187 വൈദികര്‍ക്കും ബിഷപ്പിന്റെ സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ട്. സഭ ഒപ്പമില്ലെന്നു വ്യക്തമായതോടെ ജോയ്‌സ് ജോര്‍ജിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ഭൂമി കൈയ്യേറ്റമടക്കമുള്ള നിരവധി ആരോപണങ്ങളാണ് ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്നിരുന്നത്.       ആരോപണങ്ങള്‍ മറികടന്നും ജോയ്‌സ് ജോര്‍ജിന് ഇടതുപക്ഷം ഇടുക്കി സീറ്റ് നല്‍കിയത് സഭയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇടുക്കിയില്‍ ഇപ്പോള്‍ സ്ഥിതി യു.ഡി.എഫിന് അനുകൂലമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ എന്നും ആദര്‍ശപക്ഷത്ത് നിലയുറപ്പിച്ച് നേതാവാണ് പി.ടി തോമസ്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രസിഡന്റായി ഗ്രൂപ്പ് യുദ്ധകാലത്ത് ആന്റണി ഗ്രൂപ്പിനൊപ്പം നിലയുറപ്പിച്ച യുവ തുര്‍ക്കിയാണ് ഈ പോരാളി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പി.ടി തോമസ് എന്നും സ്വീകരിച്ചിരുന്നത്. നിലപാടെടുത്താല്‍ പിന്നോട്ട് പോകാത്ത നേതാവെന്ന പ്രതിഛായയുമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ലീഡര്‍ കെ.കരുണാകരനെ കടുത്ത ഭാഷയിലാണ് പി.ടി തോമസ് വിമര്‍ശിച്ചിരുന്നത്.   തൊടുപുഴയില്‍ പി.ജെ ജോസഫിനെ തോല്‍പ്പിച്ചും നിയമസഭയിലെത്തിയിട്ടുണ്ട്. നടിക്കെതിരെയുണ്ടായ പീഢനവിവരം അറിഞ്ഞ് പാതിരാത്രി ഓടിയെത്തി ഡ്രൈവറെ പോലീസ് പിടിയിലാക്കാനും പി.ടി തോമസിന്റെ ഇടപെടലാണ് സഹായകരമായത്. സഭക്കും കൈയ്യേറ്റക്കാരുടെ സമ്മര്‍ദ്ദത്തിനും വഴങ്ങാതെയാണ് കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് ഇപ്പോഴും തലഉയര്‍ത്തി നില്‍ക്കുന്നത്. ഖദര്‍ രാഷ്ട്രീയത്തില്‍ പലര്‍ക്കും പറ്റാറുള്ള അഴുക്ക് ഈ നേതാവില്‍ തെറിക്കാതിരിക്കുന്നത് സംശുദ്ധമായ ഇടപെടലും സത്യസന്ധതയും മൂലമാണ്. സാധാരണ മിക്ക കോണ്‍ഗ്രസ്സ് നേതാക്കളിലും കാണാത്ത ഒരു അധിക യോഗ്യതയാണിത്. അത് തന്നെയാണ് പി.ടി തോമസിനെ വ്യത്യസ്തനാക്കുന്നതും. സഭയുടെ കോപം പേടിച്ച് മുന്‍പ് തള്ളി പറഞ്ഞവരും തിരശ്ശീലയില്‍ ഒളിച്ചവരും പാരവച്ചവരുമെല്ലാം ഇപ്പോള്‍ പറയുന്നത് പി.ടി ആയിരുന്നു ശരിയെന്നാണ്.Kerala

Gulf


National

International