സ്ത്രീകൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കണം: കണ്ടക്റ്ററോട് തർക്കിച്ചാൽ അറസ്റ്റ് ചെയ്യും- പൊലീസ്timely news image

തിരുവനന്തപുരം: ദീർഘദൂര ബസുകളിലെ സംവരണ സീറ്റുകളിൽ സ്ത്രീകൾക്ക് പ്രത്യേക അവകാശങ്ങൾ ഇല്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കേരളാ പൊലീസ്. 'സ്ത്രീകൾക്ക് മുൻ‌ഗണന' എന്നു രേഖപ്പെടുത്തിയിരിക്കുന്ന സീറ്റുകളിൽ ഇരിക്കുന്ന പുരുഷന്മാർ, സ്ത്രീകൾ ആവശ്യപ്പെട്ടാലും മാറിക്കൊടുക്കേണ്ടതില്ല എന്നാണ് സോഷ്യൽ മീഡി‍യയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നത്.  എന്നാൽ ഇതു തെറ്റാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയതോടെയാണ് കേരളാ പൊലീസ് ഇക്കാര്യം വിശദമാക്കി രംഗത്തെത്തിയത്. സീറ്റുകൾ ഒഴിഞ്ഞു കൊടുക്കണമെന്നും ഇല്ലെങ്കിൽ 100 രൂപ പിഴ ഈടാക്കാമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചത്. അതേസമയം, സീറ്റ് ഒഴിയാതെ കണ്ടക്റ്ററോട് തർക്കിച്ചു നിന്നാൽ ക്രിമിനൽ കേസ് ചുമത്തി അറസ്റ്റ് ചെയ്യാൻ വ്യവസ്ഥയുണ്ടെന്നും പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.  കെ.എസ്.ആര്‍.ടി.സി ഉൾപെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്. ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും. ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്: $ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്  (ആകെ സീറ്റില്‍ രണ്ടെണ്ണം) $ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10%  സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്) NB - ലിമിറ്റഡ് സ്റ്റോപ് ,ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി  എന്നിവയ്ക്ക് മുകളിലുള്ള മറ്റു ക്ലാസുകളിൽ  ഇവർക്ക് 5 % മാത്രമാണ് റിസർവേഷൻ  (ഓൺലൈൻ റിസർവേഷൻ ഉള്ള വാഹനങ്ങൾക്ക്  ഇതും ബാധകമല്ല) $ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 1 സീറ്റ്  ഗർഭിണികൾ) $ 5 % സീറ്റ് അമ്മയും കുഞ്ഞും $ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ,  കെഎസ്ആർടിസി ബസുകളിൽ  ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.  എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും  ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന  നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ  വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ  ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)Kerala

Gulf


National

International